കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരുടെ നിയമനം അനിശ്ചിതമായി നീളുന്നതിൽ ഹൈകോടതിക്ക് അതൃപ്തി. 13 സർവകലാശാലകളിൽ 12 എണ്ണത്തിനും സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാത്ത ദുരവസ്ഥ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു ഗുണകരമല്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
താൽക്കാലിക നിയമനങ്ങൾ നടക്കുമ്പോൾപോലും നിയമനടപടികളുമായി കോടതിയെ സമീപിക്കുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതിൽ അതൃപ്തി രേഖപ്പെടുത്തിയത്. സർവകലാശാലകളുടെ ഭരണത്തിൽ ഉൾപ്പെട്ടവർ സ്ഥാപനത്തിന്റെ ഉത്തമ താൽപര്യത്തിന് ആദ്യ പരിഗണന നൽകണം. സ്ഥിരം വിസിമാർ ഇല്ലാത്ത ദുരവസ്ഥയ്ക്കു പരിഹാരം കണ്ടെത്താൻ അധികൃതർ ശ്രമിക്കണമെന്നും കോടതി നിരീക്ഷിച്ചു.
താൽക്കാലിക വി.സി നിയമനങ്ങൾപോലും സെനറ്റംഗങ്ങൾതന്നെ ചോദ്യം ചെയ്യുകയാണ്. ഇത്തരം മനോഭാവം ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തെ ബാധിക്കും. പ്രശ്നപരിഹാരത്തിന് ഉചിത നടപടികൾ വൈകാതെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. മറ്റൊരു വിസിക്കു താൽക്കാലിക ചുമതല നൽകുന്നതിന് കേരള സർവകലാശാലാ നിയമപ്രകാരം വിലക്കില്ലാത്ത സാഹചര്യത്തിൽ ക്വോവാറന്റോ ഹർജി നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി.
കേരളത്തിൽ ഗവർണർ ചാൻസലറായ സർവകലാശാലകളിൽ ഒറ്റയിടത്തു മാത്രമാണു സ്ഥിരം വിസി ഉള്ളത്. താൽക്കാലിക ക്രമീകരണം വേണ്ടിവന്നാൽ ചാൻസലർക്കു പരിഗണിക്കാൻ ഒറ്റയാൾ മാത്രമാണുള്ളതെന്നും പ്രായപരിധി വ്യവസ്ഥ താൽക്കാലിക നിയമനത്തിനു ബാധകമല്ലെന്നും ചൂണ്ടിക്കാട്ടി. ചാൻസലർക്കു വേണ്ടി സീനിയർ അഡ്വ. പി. ശ്രീകുമാർ ഹാജരായി.