വാഷിങ്ടൺ: ഫെഡറൽ നീതിന്യായവ്യവസ്ഥയുമായുള്ള പോരാട്ടത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സുപ്രധാന ജയം. പ്രസിഡന്റിന്റെ ഉത്തരവുകൾ തടയുന്നതിന് ഫെഡറൽ കോടതികളുടെ അധികാരം പരിമിതപ്പെടുത്തുന്ന നിർണായക ഉത്തരവാണ് യു.എസ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.
ചില കേസുകളില്‍ ഫെഡറൽ കോടതികളുടെ ഇടപെടൽ, യുഎസ് കോൺഗ്രസ് നൽകിയ അധികാരത്തിനും മുകളിലാണെന്നും കോടതി നിരീക്ഷിച്ചു. ജന്മാവകാശ പൗരത്വം റദ്ദാക്കി ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് തടഞ്ഞതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് നിര്‍ണായക വിധി. വിധിയിൽ സന്തോഷമെന്നും മികച്ച തീരുമാനമെന്നും ട്രംപ് പ്രതികരിച്ചു.
ട്രംപ് അധികാരത്തിലേറിയ ആദ്യ ദിവസം ഒപ്പിട്ട ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിനെ സംബന്ധിച്ചായിരുന്നു കേസ്. ഇതിലാണ് ഇപ്പോൾ കോടതിയിൽ നിന്നും നിർണായക ഉത്തരവുണ്ടായിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫെഡറൽ കോടതിയുടെ ഉത്തരവുകൾ ഇനി രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരില്ല. അതാത് സംസ്ഥാനങ്ങളിൽ മാത്രമായിരിക്കും ഇത് ബാധകമാവുക.
സുപ്രീംകോടതി ഉത്തരവോടെ ജന്മാവകാശ പൗരത്വം തടയുന്ന ട്രംപിന്റെ ബില്ലിന് വീണ്ടും അംഗീകാരം ലഭിക്കും. ഇതോടെ യു.എസിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വം ലഭിക്കില്ല. നേരത്തെ ട്രംപിന്റെ ഈ ബില്ല് ഫെഡറൽ കോടതികളുടെ വിധിയെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നു.