തൃശ്ശൂര്‍: തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. നെല്ലങ്കര വൈലോപ്പള്ളിയില്‍ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഗ്രേഡ് എസ്.ഐ: ജയൻ, സീനിയർ സി.പി.ഒ: അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്.
ബ്രഹ്‌മദത്തന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. 15 ഓളം പേരുള്ള സംഘമാണ് ആക്രമിച്ചത്. ഇതില്‍ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ ഭാഗമായി നടന്ന ലഹരിപാര്‍ട്ടിയില്‍ ബഹളം ഉണ്ടായതിനെ തുടര്‍ന്നാണ് സമീപ വാസികള്‍ വിവരം പോലീസിനെ അറിയിച്ചത്.