അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച അവസാന യാത്രക്കാരന്റെയും മൃതദേഹം തിരിച്ചറിഞ്ഞു. ഗുജറാത്തിലെ ഭുജ് സ്വദേശി അനില്‍ കിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാത്തിലുണ്ടായിരുന്ന 241 യാത്രക്കാരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അപകടമുണ്ടായ സ്ഥലത്തുനിന്നും കണ്ടെത്തിയ എല്ലാ ശരീരാവശിഷ്ടങ്ങളും ഡിഎന്‍എ മാച്ചിംഗും ഫേഷ്യല്‍ റെക്കഗ്‌നിഷനും ഉപയോഗിച്ച് തിരിച്ചറിഞ്ഞതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇതുവരെ 253 മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ആറുപേരെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ വഴിയും തിരിച്ചറിഞ്ഞു. ജൂണ്‍ 12നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്നത് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മുഴുവന്‍ പേരും മരിച്ചിരുന്നു.
ബിജെ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും പിജി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകര്‍ന്നുവീണത്. മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളും അപകടത്തില്‍ മരിച്ചിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്നും 318 ശരീരഭാഗങ്ങളാണ് കണ്ടെടുത്തത്.