തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന ഡോ ഹാരിസിന്റെ ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തും. ഡാറ്റാ മാത്രമാണ് പറഞ്ഞതെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടെന്നും അവസാനത്തെ ഒരു ശസ്ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്റെ (ഡിഎംഇ) ചുമതല വഹിക്കുന്ന ഡോ വിഷ്ണുനാഥന്‍ അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രോബിന് കേടുപാടുള്ളത് കൊണ്ടാണ് ഒരു ശസ്ത്രക്രിയ മുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.
ഇങ്ങനെയൊരു വിഷയം തന്റെ ശ്രദ്ധയില്‍ ഇല്ലെന്നും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പ്രശ്‌നം എത്തിയിട്ടില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ഡിഎംഇയുടെ ശ്രദ്ധയിലും ഈ വിഷയം ഇല്ല എന്നാണ് പറഞ്ഞത്. എന്താണെന്നുള്ളത് സമഗ്രമായി അന്വേഷിക്കും – മന്ത്രി വ്യക്തമാക്കി. 700ലധികം കോടി രൂപ കിഫ്ബിയിലൂടെ അനുവദിച്ച മെഡിക്കല്‍ കോളജാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ഗണ്യമായൊരു തുക ഉപകരണങ്ങള്‍ക്ക് വേണ്ടി യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിനും അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ ഐസിഎംആര്‍ ഒരു മോഡലായി എടുത്തിട്ടുണ്ട്. ന്യൂറോളജി സെന്ററിനെ കോംപ്രിഹെന്‍സീഫ് സ്‌ട്രോക്ക് യൂണിറ്റായി ഐസിഎംആര്‍ അംഗീകരിച്ചത് – മന്ത്രി വിശദമാക്കി.
നൂറ് കണക്കിന് രോഗികള്‍ക്ക് ശസ്ത്രക്രിയ മുടങ്ങി എന്നത് ചെറിയ കാര്യമല്ലല്ലോ. അതുകൊണ്ടാണ് എത്ര സര്‍ജറികള്‍ ഷെഡ്യൂള്‍ ചെയ്തു, എത്ര നടന്നു,മുന്‍പ് ഇങ്ങനെയുണ്ടായിട്ടുണ്ടോ, എന്തുകൊണ്ട് ഡിഎംഇ അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചത് – മന്ത്രി പറഞ്ഞു.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കി. മന്ത്രിയുടെ പി എസ് ഉറപ്പ് നല്‍കിയത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എട്ടു മാസങ്ങള്‍ക്ക് മുന്നേ മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. നടപടി ഉണ്ടായിക്കോട്ടെ. സര്‍വീസ് തന്നെ മടുത്ത് ഇരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT : Veena George about equipment shortage at Thiruvananthapuram Medical College
















