ഇടുക്കി: ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. ജലനിരപ്പ് 136 അടിയായതോടെ രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. 10 സ്‌പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 600 മുതൽ 1000 ഘനയടി വെള്ളം തുറന്നുവിടാനാണ് തീരുമാനം. 13 സ്‌പിൽവേ ഷട്ടറുകളുണ്ട്. തുറന്നുവിടുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മുന്നൊരുക്കങ്ങളും സ്വീകരിച്ചു.
വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. നിലവിൽ ജലനിരപ്പ് 136 അടിയായി ഉയർന്നിട്ടുണ്ട്. ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്.