മലപ്പുറം: 14 മാസം പ്രായമായ കുഞ്ഞ് ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കാടാമ്പുഴ പൊലീസ് കേസെടുത്തു. മരണത്തിലെ ദുരൂഹത മാറ്റാൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസും ആരോഗ്യവകുപ്പും. കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരന്‍ ഹൗസില്‍ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ കുഞ്ഞ് ഇസെന്‍ ഇര്‍ഹാനാണ് മരിച്ചത്.
അക്യുപംക്ചർ ചികിത്സ നടത്തുന്നയാളാണു കുട്ടിയുടെ മാതാവ് ഹിറ ഹറീര. ഈ മാസമാദ്യം കുട്ടിക്കു മഞ്ഞപ്പിത്ത ലക്ഷണങ്ങളുണ്ടായിരുന്നതായി രക്ഷിതാക്കൾ പൊലീസിനു മൊഴി നൽകി. എന്നാൽ കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. കുഞ്ഞിനു പ്രതിരോധ കുത്തിവയ്പുകളും എടുത്തിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി കബറടക്കിയ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കോട്ടക്കലിൽ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് ഒരു വയസ്സുകാരൻ ഇസെന്‍ ഇര്‍ഹാൻ മരണപ്പെടുന്നത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. സ്വകാര്യാശുപത്രിയില്‍നിന്ന് ഡോക്ടറെ കൊണ്ടുവന്ന് മരണം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ കുട്ടിയുടെ ഖബറടക്കവും നടത്തി. തൊട്ടുപിന്നാലെ ചികിത്സ കിട്ടിയില്ലെന്ന ആരോപണം ശക്തമായതോടെ, നാട്ടുകാര്‍ രംഗത്തെത്തി. കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ഹിറ ഹറീര വീട്ടിൽവച്ചാണ് ഇർഹാനെ പ്രസവിച്ചത്. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന രീതിയിലും ആധുനിക ചികിത്സാരീതികളെ വിമർശിച്ചും ഒട്ടേറെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവച്ചിരുന്നു. ഇസെൽ അയിഷാൻ ആണ് ഇർഹാന്റെ സഹോദരി.