കോഴിക്കോട്: ഒരു വർഷം മുൻപ് കോഴിക്കോട്ടു നിന്നു കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടി കാപ്പിക്കുടുക്ക വനത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. ഊട്ടി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് എത്തിച്ചത്. ഡിഎന്‍എ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
സാമ്പത്തിക തർക്കത്തെ തുടർന്നാണു കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് പ്രതികളുടെ സുഹൃത്തിന്റെ സുൽത്താൻ ബത്തേരിയിലെ വീട്ടിൽ വെച്ചാണെന്ന് പുറത്തുവരുന്നുണ്ട്. ആൾ താമസമില്ലാത്തതിനാലാണ് പ്രതികൾ ഈ വീട് തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തട്ടിക്കൊണ്ടു പോയ ഹേമചന്ദ്രനെ നേരെ എത്തിച്ചത് സുൽത്താൻ ബത്തേരിയിലെ ഈ വീട്ടിലായിരുന്നു. പണം തിരികെ കിട്ടാനായി മർദിച്ചപ്പോഴാണ് ഹേമചന്ദ്രൻ കൊല്ലപ്പെട്ടതെന്നു പ്രതികൾ മൊഴി നൽകി. മുഖ്യപ്രതി നൗഷാദിനെ വിദേശത്തു നിന്നും നാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് പൊലീസ്. ഹേമചന്ദ്രന്റെ മക്കൾ: ലല്ലു, വൃന്ദ(നഴ്സ്, ബിഎംഎച്ച് കോഴിക്കോട്). മരുമകൻ: പി.വി.ബിനിൽ.