തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലും ചികിത്സയിലുമാണ് വിഎസ് എന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തൽ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. സൂക്ഷ്മമായ നിരീക്ഷണം തുടരുകയാണ്.
അച്ഛൻ തിരിച്ചു വരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ‘‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛൻ, തീർച്ച’’ – അരുൺ കുമാർ ഫെയ്സ്ബുക്കിൽ എഴുതി.
ആരോഗ്യസ്ഥിതി ചെറിയ രീതിയിൽ വഷളായിരുന്നെങ്കിലും, എംആർഐ സ്കാനിൽ പുരോഗതി രേഖപ്പെടുത്തിയതായി ഡോക്ടർമാരുമായ സംസാരിച്ച ശേഷം ശനിയാഴ്ച എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിരുന്നു.