ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിനിൽ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി. മുംബൈയിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. ഇന്നലെ രാത്രി 11: 40-നാണ് വിമാനം മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടത്. AI639 വിമാനം പറന്നുയര്‍ന്ന് 45 മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്തോ കത്തിയ തരത്തില്‍ പുകയും മണവും പുറത്തുവന്നു. ഇതോടെ വിമാനം തിരിച്ചറക്കുകയാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു.
വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യയുടെ അധികാരികൾ പറഞ്ഞു. അപ്രതീക്ഷിത സംഭവം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാൻ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നൽകിയെന്നും അധികൃതർ വ്യക്തമാക്കി.