ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. ഹരിപ്പാട് വില്ലേജ് ഓഫീസര്‍ പി കെ പ്രീതയെയാണ് വിജിലന്‍സ് പിടികൂടിയത്. കൃഷി ആനുകൂല്യം ലഭിക്കുന്നതിന് പഴയ സര്‍വ്വേ നമ്പര്‍ ആവശ്യപ്പെട്ടയാളില്‍ നിന്നാണ് പ്രീത ഗൂഗിള്‍ പേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയത്.
കേന്ദ്രസര്‍ക്കാരിന്റെ അഗ്രി സ്റ്റാക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായാണ് പരാതിക്കാരന്‍ വസ്തുവിന്റെ പഴയ സര്‍വേ നമ്പര്‍ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസറെ സമീപിച്ചത്. പി കെ പ്രീതയുടെ ഔദ്യോഗിക ഫോണിലേക്കാണ് വിളിച്ചത്. അപ്പോള്‍ തിരക്കാണെന്ന് പറഞ്ഞ് അടുത്ത ദിവസം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പിറ്റേന്ന് പരാതിക്കാരന്‍ വില്ലേജ് ഓഫീസറെ വിളിച്ചപ്പോള്‍ വസ്തുവിന്റെ വിവരം വാട്ട്‌സാപ്പിലൂടെ അയക്കാന്‍ പറയുകയും സര്‍വേ നമ്പര്‍ നല്‍കണമെങ്കില്‍ ഫീസ് അടയ്ക്കണം, തുക വാട്ട്‌സാപ്പ് വഴി അറിയിക്കാമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഗൂഗിള്‍ പേ നമ്പര്‍ നല്‍കി അതിലേക്ക് ആയിരം രൂപ അയക്കാനാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത്.
പരാതിക്കാരന്‍ ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പിയോട് വിവരം പറയുകയും. വില്ലേജ് ഓഫീസര്‍ ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതിനു പിന്നാലെ രണ്ടുമണിയോടെ വില്ലേജ് ഓഫീസിന് സമീപമുളള പാര്‍ക്കിലെ ഗ്രൗണ്ടില്‍ നിന്നും വിജിലന്‍സ് പ്രതിയെ പിടികൂടുകയുമായിരുന്നു. പിന്നീട് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.