വിദ്യാലയങ്ങളിലെ സൂംബ ഡാൻസ് വിഷയത്തിൽ പ്രതികരിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് അദ്ദേഹം പറഞ്ഞു. മതസംഘടനകളുടെ അഭിപ്രായങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മന്ത്രി തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകരുത്. ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ്റെ ഭാഗമായി നടന്ന യോഗത്തിൽ മുഖ്യമന്ത്രി ഈ ആശയം ഉന്നയിച്ചപ്പോൾ വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ സംഘടനകളും അംഗീകരിച്ചിരുന്നതാണ്. എന്നാൽ, ഈ സർക്കാരിൻ്റെ കാലത്ത് പല വിഷയങ്ങളിലും ചില മതസംഘടനകൾ അഭിപ്രായം പറയുമ്പോൾ വോട്ട് ബാങ്കിന് വേണ്ടി സർക്കാർ തീരുമാനങ്ങളിൽ നിന്ന് ‘യു ടേൺ’ അടിക്കുന്നത് നാം കണ്ടിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ നടത്തുവാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മതസംഘടനകൾ തങ്ങളുടെ താൽപര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും സ്കൂളുകൾ മതപാഠശാലകളല്ലെന്ന് അത്തരക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാൻസ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായും ഈശ്വരപ്രസാദ് കൂട്ടിച്ചേർത്തു.