പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് സർക്കാരാണ് തീരുമാനിക്കുന്നത് അല്ലാതെ ആജ്ഞാപിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സൂംബയുടെ പേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ലോകത്ത് തന്നെ അംഗീകരിക്കപ്പെട്ട കായിക ഇനമാണ് സൂംബ. ബോധപൂർവ്വം വർഗീയതയുടെ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത രൂപത്തിൽ അഭിപ്രായം പറഞ്ഞാൽ അത് അംഗീകരിക്കില്ല.- അദ്ദേഹം പറഞ്ഞു.
യൂണിഫോം സംബന്ധിച്ചും കുട്ടികൾ ഒരുമിച്ച് കളിക്കുന്നതിൽ വരെയും വിവാദമുണ്ടാകുന്നു. സ്കൂളിലെ യൂണിഫോമിന്റെ കാര്യത്തിൽ പിടിഎയാണ് തീരുമാനം കൈക്കൊള്ളുന്നത്. അതിൽ ആരും കൈകടത്തിയിട്ടില്ല. ചില ദിവസങ്ങളിൽ പരീക്ഷ നടത്താൻ പാടില്ല എന്ന് പോലും പറയുന്നു. ഇത്തരം അഭിപ്രായങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അഭിപ്രായം പറയുന്നവരോട് സഹകരിച്ചാണ് ഇതുവരെ സർക്കാർ മുന്നോട്ട് പോയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.