ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറന്നു. ശനിയാഴ്ച രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ 11.52- ഓടെ ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അതേസമയം അണക്കെട്ടിന്‍റെ നിലവിലെ റൂൾ കർവ് പ്രകാരം തമിഴ്നാടിന് സംഭരിക്കാൻ കഴിയുക 136 അടി വെള്ളമാണ്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്.
അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറന്നതിനാൽ പ്രദേശത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടാതെ 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.