തൃശൂർ: തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട യുവാവും യുവതിയും കസ്റ്റഡിയിൽ. രണ്ടു തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. ആമ്പല്ലൂർ സ്വദേശി ഭവിൻ, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുട്ടികളുടെ അസ്ഥികളുമായി യുവാവ് തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. കാമുകി പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. മൂന്നുവര്‍ഷം മുമ്പ് ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ടുവര്‍ഷം മുന്‍പ് രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ.
കുട്ടികളുടെ കർമ്മം ചെയ്യാൻ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഭവിൻ സ്റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. പ്രസവിച്ചയുടന്‍ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയെന്നും കര്‍മം ചെയ്യാനായി അസ്ഥികള്‍ സൂക്ഷിച്ചുവെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ യുവതിയേയും യുവാവിനെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. കുട്ടികളുടെ അസ്ഥി തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് തലവൻ ഡോ.ഉമേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.