എറണാകുളം കത്രിക്കടവ് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. യുവാവിനെതിരെയും യുവതിക്കെതിരെയുമാണ് കേസെടുത്തത്. യുവാവിനെ കുത്തിയെന്ന പരാതിയിലാണ് ഉദയം പേരൂര്‍ സ്വദേശിനിക്കെതിരെ കേസെടുത്തത്. ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. തന്നോട് അപമര്യാദമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. അപമര്യാദമായി പെരുമാറിയതിനാണ് താൻ ആക്രമിച്ചതെന്നാണ് യുവതിയുടെ മൊഴി. പൊട്ടിയ വൈന്‍ ഗ്ലാസ് ഉപയോഗിച്ചാണ് യുവതി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. സിനിമാ താരങ്ങള്‍ അടക്കം പാര്‍ട്ടിയിലേക്ക് എത്തിയിരുന്നു എന്നാണ് വിവരം. യുവാവിന്റെ കഴുത്തിനാണ് കുത്തേറ്റത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
















