സൂംബ വിഷയത്തിൽ വിദ്യാർത്ഥികളെ നിർബന്ധിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തോടെ ആശങ്ക ഒഴിഞ്ഞുവെന്ന് നാസർ ഫൈസി കൂടത്തായി. കുട്ടികൾ നിർബന്ധമായും സൂംബ ഡാൻസ് കളിക്കണമെന്നും വസ്ത്രധാരണത്തിൽ മാറ്റം വരുത്തണമെന്നും നിർബന്ധമില്ലെങ്കിൽ തങ്ങൾ ഉയർത്തിയ ആശങ്ക ദൂരീകരിക്കപ്പെട്ടുവെന്നാണ് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കിയത്.
ആശങ്ക അറിയിച്ചതാണെന്നും പ്രതിഷേധ സമ്മേളനം നടത്തി സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നില്ലെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. പ്രതിഷേധം ഗവൺമെൻ്റിനെ അറിയിച്ചിരുന്നു. ഗവൺമെൻ്റ് കൃത്യമായ മറുപടി നൽകി. ഇനി ഈ വിഷയം നടപ്പിലാക്കുന്നതിൽ സർക്കാർ നിർബന്ധബുദ്ധിയോടെ ഇടപെടുന്നത് പറ്റില്ലായെന്നതാണ് നിലപാട് എന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. മന്ത്രി ഈ വിഷയത്തിൽ വ്യക്തത വരുത്തുമ്പോഴും ചില സ്കൂളുകൾ ഈ വിഷയം ദുരുപയോഗിക്കില്ല എന്നതിൽ ഉറപ്പ് ലഭിക്കണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സ്കൂളുകൾ കുട്ടികളെയോ രക്ഷിതാക്കളെയോ നിർബന്ധിക്കില്ല എന്നതിൽ സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണം. അതിനാൽ തന്നെ ഈ വിഷയത്തിൽ ചർച്ച അനിവാര്യമാണെന്നും അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. സമസ്ത സൂംബ വിഷയത്തിൽ പ്രതിഷേധവുമായി ഔദ്യോഗികമായി രംഗത്ത് വന്നിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.