നടൻ വിജയ് ബാബുവിന്റെ യാത്രകൾക്ക് ഇനി പുതിയ കൂട്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി താരം. 7 സീറ്റര്‍, 8 സീറ്റര്‍ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് വില വരുന്നത്. കഴിഞ്ഞ ദിവസം സിനിമാതാരങ്ങളായ വിജയരാഘവും മംമ്തയും വാഹനം സ്വന്തമാക്കിയിരുന്നു.
വിജയ് ബാബു പുതിയ വാഹനം വാങ്ങിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. കുടുംബത്തിലേയ്ക്ക് സ്വാഗതം ‘മിസ്റ്റർ ഹൈക്രോസ്, ഇനി ഒരുമിച്ച് ഏറെ ഉയരങ്ങൾ കീഴടക്കാനുണ്ട്’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് വിജയ് ബാബു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലാണ് ഹൈക്രോസ്. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമായ ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184ബിഎച്ച്പി കരുത്താണ് വാഹനത്തിന് നല്‍കുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്.
ഹൈബ്രിഡ് സംവിധാനമില്ലാത്ത 2.0 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മാത്രമായും ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഈ മോഡല്‍ 173 ബിഎച്ച്പി കരുത്തും പരമാവധി 209 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ഇന്ധനക്ഷമത ലീറ്ററിന് 16.13 കീലോമീറ്റര്‍.
വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍ റൂഫ് വിത്ത് മൂഡ് ലൈറ്റിങ്, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവേഡ് ഒട്ടോമന്‍ സീറ്റുകള്‍, 9 സ്പീക്കറുകളുള്ള പ്രീമിയം ജെബിഎല്‍ സൗണ്ട് സിസ്റ്റം, സുരക്ഷക്കായി 6 എയര്‍ബാഗുകള്‍, ഓട്ടോ ഹൈബീം, ഡൈനാമിക് റഡാര്‍ ക്രൂസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, കൂട്ടിയിടി മുന്നറിയിപ്പ്, ലൈന്‍ ട്രേസ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക്ക് അലര്‍ട്ട് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.