കർണാടകയിലെ തുമകുരു ജില്ലയിൽ കാമുകനും യുവതിയും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ശങ്കരമൂർത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ സുമംഗല കാമുകനായ നാഗരാജുവുമായി ഗൂഡാലോചന നടത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. ജൂൺ 24 ന് പ്രതിയായ സുമംഗല ഭർത്താവായ ശങ്കരമൂർത്തിയുടെ കണ്ണിൽ മുളകുപൊടി വിതറിയായിരുന്നു ആക്രമണം നടത്തിയത്. തുടർന്ന് നിലത്ത് വീണ ഇയാളെ പ്രതികൾ കമ്പി കൊണ്ട് അടിക്കുകയും, കഴുത്തിൽ കാൽ അമർത്തി കൊലപ്പെടുത്തുകയുമാണ് ചെയ്തത്.
കൊലപാതകത്തിന് ശേഷം സുമംഗലയും നാഗരാജുവും ചേർന്ന് മൃതദേഹം ഒരു ചാക്കിൽ കെട്ടി 30 കിലോമീറ്റർ അകലെ കൊണ്ടുപോയി തോട്ടത്തിലെ ഒരു കിണറ്റിൽ തള്ളിതായും പൊലീസ് പറഞ്ഞു. എന്നാൽ ഇയാളെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് കുറ്റകൃത്യം പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീട്ടിലെത്തിയ പൊലീസ് ഫാം ഹൗസിലെ കിടക്കയിൽ മുളകുപൊടിയുടെ അംശങ്ങളും സംഘർഷങ്ങളുടെ അടയാളങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് സംശയത്തിലായ പൊലീസ് സുമംഗലയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചു. ഈ പരിശോധനയിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. സുമംഗലയുടെയും നാഗരാജുവിന്റേയും ബന്ധം ശങ്കരമൂർത്തി എതിർത്തിരുന്നു ഇതാണ് കൊലപാതകത്തിന്റെ കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.