ആശിര്‍വാദ് സിനിമാസിന്റെ നിര്‍മാണത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. ചിത്രത്തിനപ്പുറം മോഹന്‍ലാല്‍- സംഗീത് പ്രതാപ് കോമ്പിനേഷനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള സംഗീത് പ്രതാപിന്റെ ചിത്രങ്ങള്‍ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഈയിടെ മോഹന്‍ലാല്‍- സംഗീത് പ്രതാപ് കോംബോ പഴയ ശ്രീനിവാസന്‍- മോഹന്‍ലാല്‍ കോമ്പിനേഷന്‍ പോലെയാണെന്ന സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ‘ഹൃദയപൂര്‍വ്വം’ ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങളാണ് സംഗീത് പ്രതാപ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രങ്ങളിൽ ചിരിച്ചുകളിച്ച് നിൽക്കുന്ന മോഹൻലാലിനെയും സംഗീതിനെയുമാണ് കാണാൻ സാധിക്കുന്നത്. ചിത്രങ്ങളോടൊപ്പം സംഗീത് പങ്കുവെച്ച കുറിപ്പാണ് വൈറൽ.
‘ഞാൻ കണ്ടുവളർന്ന ഇതിഹാസ തുല്യനായ മനുഷ്യൻ തന്നെയാണോ ഇതെന്ന് ഞാൻ ചിന്തിച്ച് നിന്നുപോയ ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്. വർഷങ്ങളായിട്ട് എനിക്കറിയാവുന്ന സുഹൃത്തല്ലേ ഇതെന്നും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോസാണ് ഇത്. എല്ലാ ആനന്ദ നിമിഷങ്ങൾക്കും നന്ദി ലാലേട്ടാ.’ ചിത്രങ്ങൾക്കൊപ്പം സംഗീത് കുറിച്ചു.
സത്യന്‍ അന്തിക്കാട് – മോഹന്‍ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. സത്യൻ അന്തിക്കാടിന്റെ മകനായ അഖില്‍ സത്യന്റെ കഥയില്‍ നവാഗതനായ ടി.പി. സോനുവാണ് ‘ഹൃദയപൂര്‍വ്വ’ത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: Sangeeth Prathap shares pictures with Mohanlal