പേരയ്ക്ക പോലെ തന്നെ, പേരയിലയ്ക്കും ആരോഗ്യ ഗുണങ്ങളുണ്ട്. പേരയിലകളിൽ ഫ്ലേവനോയ്ഡുകൾ, ടാന്നിനുകൾ, പോളിസാക്രറൈഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനത്തിന് മുതൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻവരെ പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കും. പേരയിലയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പോളിസാക്രറൈഡുകൾ പ്രമേഹരോഗികളിൽ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവ ഗണ്യമായി കുറയ്ക്കുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തി
കരളിന്റെ ആരോഗ്യത്തിന് മികച്ചത്: പേരയില ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുകയും, കൊഴുപ്പ് എരിച്ചു കളയുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, അതേസമയം കരളിൽ കൊഴുപ്പ് ഉണ്ടാകുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഫാറ്റി ലിവറിന്റെ സാധ്യത തടയുന്നു.
ദഹനത്തെ സഹായിക്കുന്നു: എല്ലാ ദഹന പ്രശ്‌നങ്ങൾക്കുമുള്ള ഒരു പരിഹാരമാണ് പേരയില വെള്ളം. പേരയിലകളിൽ ആന്റി ബാക്ടീരിയൽ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കുടലിലെ ദോഷകരമായ ബാക്ടീരിയകളെ തടയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: പേരയില രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് അറിയപ്പെടുന്നു, ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. ഇലകളിൽ ഫ്ലേവനോയ്ഡുകളും ടാനിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. പേരയില ചായ പതിവായി കുടിക്കുന്നത് പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും.
ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: പേരയിലയിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ രക്തക്കുഴലുകളെ സംരക്ഷിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.
പേരയില വെള്ളം തയ്യാറാക്കുന്ന വിധം
6-7 പേരയില നന്നായി കഴുകി വൃത്തിയാക്കുക.
ഒരു പാത്രക്കിൽ 1.5 കപ്പ് വെള്ളത്തിൽ ഇവ ചേർക്കുക.
ഏകദേശം 10 മിനിറ്റ് തിളപ്പിക്കുക
അതിനുശേഷം അരിച്ചെടുത്ത് ചൂടോടെ കുടിക്കുക.
ഒരു കപ്പ് പേരയില വെള്ളം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഭക്ഷണത്തിന് ശേഷമാണ് അവ കുടിക്കേണ്ട്. എന്നാൽ ഏതൊരു പാനീയത്തെയും പോലെ, മിതത്വം പ്രധാനമാണ്. അമിതമായി കുടിക്കുന്നത് നേരിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവർ പേരയില വെള്ളം കുടിക്കുന്നതിനു മുൻപ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.