കുടജാദ്രിയിലേക്കുള്ള യാത്ര പ്രകൃതിയിലേക്കുള്ള ആത്മീയ യാത്രയാണ്. മഴയും മഞ്ഞും ചേർന്ന് അങ്ങോട്ടുള്ള യാത്രയെ ഒരു സ്വപ്നലോകമാക്കി മാറ്റുന്നു. കാടുകൾ, മലനിരകൾ അങ്ങനെ, അവിടെ കാണാൻ കാഴ്ചകൾ ഏറെയാണ്.
മൂകാംബികയിലെത്തുന്നവർ നിർബന്ധമായും പോയിരിക്കേണ്ട ഒരിടമാണ് കുടജാദ്രി. സഹ്യപർവതനിരകളിലെ 1343 മീറ്റർ ഉയരത്തിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. പല അപൂർവ സസ്യജാലങ്ങളുടെയും ഔഷധചെടികളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലം കൂടിയാണ് ഇവിടം. കുടജാദ്രിയിലേക്കു പോകാനുള്ള ഒരു മാർഗം ജീപ്പാണ്. ജീപ്പിൽ കയറി യാത്രയ്ക്കൊരുങ്ങുമ്പോൾ മലമുകളിലേയ്ക്കു റോഡ് ഉണ്ട് എന്നൊന്നും കരുതരുത്. കുറച്ചു ദൂരം പിന്നിട്ടു കഴിയുമ്പോൾ ഒരു കല്ലിൽ നിന്നും മറ്റൊരു കല്ലിലേയ്ക്ക് എന്ന കണക്കിന് ജീപ്പിന്റെ ചക്രങ്ങൾ അതിസാഹസികമായി ചാടും. കൂടെ യാത്രികരും.
നെടുങ്കൻ കയറ്റം കയറി മുന്നോട്ട് പോകുമ്പോൾ ചെറിയ രണ്ട് ഗ്രാമങ്ങളിൽ എത്തും. നിട്ടൂരും നഗോഡിയും എന്നാണ് ഇതിന്റെ പേരുകൾ. ചായ, വെള്ളം എന്നിവ യാത്രയ്ക്കിടെയിൽ ഇവിടെ നിന്നും കഴിക്കാവുന്നതാണ്. അവിടെ നിന്നും യാത്ര പുറപ്പെട്ട് കുടജാദ്രി തൊടുമ്പോൾ പരിചയ സമ്പന്നരായ ഡ്രൈവർമാർ തന്നെ ചില നിർദേശങ്ങൾ നൽകും. എന്തെല്ലാം കാണണം എപ്പോൾ മടങ്ങിയെത്തണം എന്നൊക്കെ. കുടജാദ്രി മലയിലെ അതിമനോഹര ദൃശ്യങ്ങൾ അതുവരെയുള്ള യാത്ര ദുരിതങ്ങളെ പൂർണമായും തുടച്ചുമാറ്റും. മുകളിലേക്ക് കയറുന്നതിന്റെ തുടക്കത്തിൽ തന്നെ ഒരു ഭദ്രകാളി ക്ഷേത്രമുണ്ട്. വനപ്രദേശത്തിലൂടെ മുന്നോട്ടു നടന്ന് ഗണേശ ഗുഹയും കണ്ട് ആദിശങ്കരന്റെ സർവജ്ഞാനപീഠത്തിലെത്താം. ആദിശങ്കരൻ ഇവിടെ ദേവി സാന്നിധ്യം അറിയുകയും തപസിരുന്നുവെന്നുമാണ് ഐതീഹ്യം. രണ്ട് മീറ്റർ വീതിയിലും നീളത്തിലും തീർത്ത കരിങ്കൽ കെട്ടാണ് സർവജ്ഞ പീഠം. ഇതുകണ്ട് ഇടുങ്ങിയ പാതയിലൂടെ താഴേക്ക് ഇറങ്ങിയാൽ ചിത്രമൂലയിലെത്തും.
കുടജാദ്രിയിൽ എത്തിച്ചേരാൻ പ്രധാനമായും രണ്ടു വഴികൾ ഉണ്ട്. ഒന്നു റോഡു മാർഗം ജീപ്പിൽ. പിന്നെയുള്ളതു വനപാതയാണ്. സീസണിൽ ഇതു വഴി ധാരാളം കാൽനടയാത്രക്കാരുണ്ടാകും. കൊല്ലൂരിൽ നിന്നും ഷിമോഗക്കുള്ള വഴിയിൽ ഏകദേശം എട്ടു കിലോമീറ്ററോളം ബസിൽ യാത്ര ചെയ്താൽ വനപാതയുടെ ആരംഭത്തിലെത്താം. അവിടെ നിന്നു ഏകദേശം നാലഞ്ചു മണിക്കൂർ കൊണ്ട് കുടജാദ്രിയുടെ നെറുക തൊടാം. കാനനപാതയിലൂടെയുള്ള യാത്ര അവിസ്മരണീയമായ ഒരനുഭവമാണ്. വൻ വൃക്ഷങ്ങളും കൂറ്റൻ മലനിരകളും ആരെയും വിസ്മയിപ്പിക്കും. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കുടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്, എന്നാൽ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമായ ഈ പാത അത്ര സുരക്ഷിതമല്ല.
സാധാരണ ഒക്ടോബർ മുതലാണ് ഇവിടേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത് ജനുവരി വരെ ഉചിതമായ സമയമാണ്. കുടജാദ്രിയിൽ പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തങ്ങാൻ പറ്റിയയിടം കൊല്ലൂർ മൂകാംബികയോ കുന്ദാപുരമോ ആണ്. സഞ്ചാരികൾക്ക് വിശ്രമിക്കാൻ കഴിയുന്ന അവസാന സ്ഥലമായ വാളൂരിൽ നിന്നും യാത്രയ്ക്കിടെ ആവശ്യമുള്ള ഭക്ഷണം കരുതേണ്ടതാണ്. വനംവകുപ്പിന്റെ അനുമതിയുണ്ടെങ്കിൽ യാത്രചെയ്യുന്നവർക്ക് മലമുകളിൽ ക്യാംപ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
മൂകാംബികാക്ഷേത്ര ദർശനം കഴിഞ്ഞാണ് ഇവിടെയെത്തുന്നവരിൽ ഭൂരിപക്ഷവും കുടജാദ്രി കയറുന്നത്. അക്ഷരപ്രേമികളും കലാകാരന്മാരും ഏറെയെത്തുന്നയിടം കൂടിയാണ് ഈ ക്ഷേത്രസന്നിധി. കൊല്ലൂർ ഗ്രാമത്തിന്റെ മധ്യഭാഗത്തായാണ് മൂകാംബിക ദേവി കുടികൊള്ളുന്നത്. ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ. വലംപിരി ഗണപതി ഭഗവാന്റെ ഒരു ചെറു ക്ഷേത്രം തെക്കുകിഴക്ക് ഭാഗത്തുണ്ട്.
കുടജാദ്രിയുടെ താഴ്‌വാരത്തിൽ സൗപർണികയുടെ തലോടലേറ്റാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖ് ചക്രഗദാധാരിയായ പഞ്ചലോഹനിര്‍മിതമായ ദേവീ വിഗ്രഹവും ഉണ്ട്. ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികളുടെ ഇഷ്ടയിടമാണ്.
ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് അകത്ത് പ്രവേശിക്കേണ്ടത്. അവിടെ സ്വർണക്കൊടിമരവും ഏതാണ്ടത്ര തന്നെ വലുപ്പമുള്ള ദീപസ്തംഭവും കാണാം. കന്നഡ ശൈലിയിലാണ് കൊടിമരം പണിതിട്ടുള്ളത്. ദീപസ്തംഭത്തിൽ ‘സ്തംഭഗണപതി’യുണ്ട്. തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലാണ്. സുബ്രഹ്മണ്യസ്വാമിയോടൊപ്പം നാഗദൈവങ്ങളും ശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്.
സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പ്രസിദ്ധമായ ‘സരസ്വതീമണ്ഡപം’. സരസ്വതീദേവിയുടെ വിഗ്രഹമുള്ള ഇവിടെ ദിവസവും ആയിരക്കണക്കിന് കുരുന്നുകൾ അക്ഷരം കുറിക്കാനും നൃത്തസംഗീതമികവുകൾ പ്രകടിപ്പിക്കാനും എത്താറുണ്ട്. സരസ്വതീമണ്ഡപത്തിന്റെ തൊട്ടടുത്താണ് തിടപ്പള്ളിയും ഹോമപ്പുരയും സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് ദർശനമായി അടുത്തടുത്ത് അഞ്ച് ശ്രീകോവിലുകൾ കാണാം. ഇവയിൽ ആദ്യത്തെ ശ്രീകോവിലിൽ പഞ്ചമുഖഗണപതിപ്രതിഷ്ഠയും മറ്റ് നാലിടത്തും ശിവപ്രതിഷ്ഠകളുമാണ്. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി ദക്ഷാന്തകനായ വീരഭദ്രൻ കുടികൊള്ളുന്നു. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്രന്റെ സങ്കല്പം.
കുടജാദ്രി മലകളില്‍ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. ക്ഷേത്രത്തിൽ പോകാൻ സൗപർണികയിൽ കുളിക്കണമെന്നത് നിർബന്ധമായും ഭക്തർ പാലിക്കുന്ന അനുഷ്ഠാനമാണ്. പുണ്യനദിയെന്ന് കൂടി അറിയപ്പെടുന്ന സൗപർണിക, അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടുതന്നെ ഈ നദിയിലെ കുളി സര്‍വ്വരോഗനിവാരണത്തിനും ഉത്തമമാണെന്ന് കരുതി പോരുന്നു. നനുത്ത തണുപ്പ് എപ്പോഴും നിലനിർത്തുന്ന സൗപർണികയിലെ തീരത്ത് നിരവധി വാനരന്മാരെയും കാണാം.