അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെര്‍സിഡീസ് AMG-യുടെ മുന്‍നിര ഗ്രാന്‍ഡ് ടൂറര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ആദ്യ തലമുറ മോഡല്‍ 2020-ല്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് രാജ്യം വിട്ട ഈ ഹൈ-പെര്‍ഫോമന്‍സ് കൂപ്പെ വീണ്ടും അവതരിപ്പിക്കുകയാണ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ്. മെര്‍സിഡീസ് AMG GT 63 (Mercedes AMG GT 63), GT 63 പ്രോ എന്നീ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.ഇവയ്ക്ക് യഥാക്രമം 3 കോടി രൂപയും 3.65 കോടി രൂപയുമാണ് എക്‌സ്-ഷോറൂം വില. രണ്ട് മോഡലുകള്‍ക്കുമുള്ള ബുക്കിംഗ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്. AMG GT 63 ഡെലിവറി 2025 കലണ്ടര്‍ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ആരംഭിക്കുമ്പോള്‍, പ്രോ വേരിയന്റ് അടുത്ത വര്‍ഷം ആദ്യം ഉപഭോക്താക്കളിലേക്ക് എത്തും.
മെര്‍സിഡീസ് ബെന്‍സിന്റെ ഈ സ്‌പോര്‍ട്‌സ് കാറില്‍ പ്രധാനമായി രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിന് മുന്‍പത്തേക്കാള്‍ വീതിയും നീളവും കൂടുതലുണ്ട്. AMG GT 4-ഡോര്‍ മോഡലില്‍ മാത്രം കണ്ടിരുന്ന 2+2 സീറ്റിംഗ് ലേഔട്ട് ഇതില്‍ അവതരിപ്പിച്ചു. AMG GT ശ്രേണിയുടെ രൂപം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇതിലെ വീലുകളുടെ ഡിസൈന്‍, റിയര്‍ സ്‌പോയിലര്‍, ഹെഡ്ലാമ്പുകള്‍ എന്നിവയെല്ലാം പുതിയതാണ്. വെര്‍ട്ടിക്കല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സ്റ്റിയറിംഗ് വീല്‍, ഡാഷ്‌ബോര്‍ഡ് ലേഔട്ട് തുടങ്ങിയവ മെര്‍സിഡീസിന്റെ മറ്റ് മോഡലുകളില്‍ കണ്ടുവരുന്നതുപോലെ തന്നെയാണ്. ഇതൊരു AMG മോഡല്‍ ആയതുകൊണ്ട് ഡാഷ്‌ബോര്‍ഡിലും ഡോര്‍ പാനലുകളിലും സെന്റര്‍ കണ്‍സോളിലും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചിരിക്കുന്നു. മെര്‍സിഡീസ് ബെന്‍സ് ഇതിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മെച്ചപ്പെടുത്തുകയും കൂടുതല്‍ സ്റ്റോറേജ് ഓപ്ഷനുകള്‍ നല്‍കുകയും ചെയ്തു.AMG GT 63-യിലെ 4.0-ലിറ്റര്‍, ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ 585 bhp പവറും 800Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. AMG-യുടെ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 4Matic ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഇതിലുണ്ട്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഈ കാറിന് വെറും 3.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. മണിക്കൂറില്‍ 315 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഇത് മുന്‍ മോഡലായ AMG GT R വേരിയന്റിനെക്കാള്‍ കരുത്തുറ്റതാണ്.