പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം പുലർച്ചെ 3.30 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് അർദ്ധസൈനിക ലെവീസ് ഉദ്യോഗസ്ഥൻ തൗഖീർ ഷാ അറിയിച്ചു.
ബർകാൻ പട്ടണത്തിന് സമീപമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ബർകാൻ പട്ടണത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയും സ്ഥിരീകരിച്ചു. ബർകാനു സമീപമുള്ള റാര ഷൈം, കിംഗ്രി, വാസ്തു എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഭൂചലനം ശക്തമായി അനുഭവപ്പെട്ടു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഭൂചലനത്തിൽ ഒരു ഡസനോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൂടാതെ നിരവധി വീടുകളിൽ വിള്ളലുകളും ഉണ്ടായി. ചില മാധ്യമ റിപ്പോർട്ടുകൾ ഭൂകമ്പത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 5.5 ആണെന്നും പറയുന്നുണ്ട്.