സൂംബയുമായി സർക്കാർ മുന്നോട്ട് പോകണമെന്ന് വെള്ളാപ്പള്ളി നടേശൻ. സൂംബയെ എസ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നു. ഈ നിലപാട് ശരിയല്ലെന്നും വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കി മതവികാരം വൃണപ്പെടുത്താൻ ശ്രമിക്കുകയാണ്. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. നിലമ്പൂർ തെരഞ്ഞെടുപ്പ് സീറ്റ് യുഡിഎഫിന്റേത്, അവർ ജയിച്ചു- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എൽഡിഎഫ് തോറ്റു എന്ന് പറയാനാവില്ല. നല്ല വോട്ട് നേടി. ലീഗ് കോൺഗ്രസും ഒരുമിച്ച് നിന്നു. അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞു. ജനങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞു. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാൻ ആവില്ല. നിലമ്പൂരിലെ വിജയം വിഡി സതീശന്റേത് മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ ജയമെങ്കിലും അവകാശം ലീഗിന് ആണെന്നും അദ്ദേഹം വ്യക്തമാക്കി. മേജറും ക്യാപ്റ്റനുമൊക്കെ അവർ തീരുമാനിക്കട്ടെ. അവർ അണ്ണനും തമ്പിയും കളിക്കട്ടെ. കാണാൻ പോകുന്ന പൂരം കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി വിമർശിച്ചു.