പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടം ഒളിഞ്ഞിരിക്കുന്നത് ചില്ലു കുപ്പികളില്‍ ആണെന്ന് നിങ്ങൾ എത്രപേർക്കറിയാം ? പുതിയ പഠനങ്ങൾ പറയുന്നതനുസരിച്ച് പ്ലാസ്റ്റിക് കുപ്പികളെക്കാൾ കൂടുതൽ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളത് ഗ്ലാസ് കുപ്പികളിലാണ്. കാൻസർ പോലുള്ള മാരക രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ ഗ്ലാസ് കുപ്പികളാണ് പല കാര്യങ്ങൾക്കും ആശ്രയിക്കാറ്, എന്നാൽ സോഡ, ബിയർ കുപ്പികളില്‍ 50 മടങ്ങ് കൂടുതൽ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നത്.
ഫ്രാൻസിലെ ഭക്ഷ്യ സുരക്ഷാ ഏജൻസിയായ ANSES പുറത്തിറക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗ്ലാസ് കുപ്പികളിൽ വിൽക്കുന്ന ശീതളപാനീയങ്ങൾ, വെള്ളം, നാരങ്ങാ വെള്ളം, സോഡ, ബിയർ തുടങ്ങിയവയിൽ പ്ലാസ്റ്റിക് കുപ്പികളിൽ ഉള്ളതിനേക്കാൾ 50 മടങ്ങ് കൂടുതൽ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പഠനത്തിൽ പറയുന്നു. ഗ്ലാസ് ബോട്ടിലുകൾ പ്ലാസ്റ്റിക് കുപ്പികളേക്കാൾ താരതമ്യേന സുരക്ഷിതമാണെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ പുതിയ കണ്ടെത്തലുകൾ അത്ഭുതപ്പെടുത്തിയെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ പിഎച്ച്ഡി വിദ്യാർഥിനിയായ ഐസെലിൻ ചൈബ് പറഞ്ഞു.
ബിയർ കുപ്പികളിലാണ് ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത്. ലീറ്ററിൽ ശരാശരി 60 കണികകൾ ആണ് ബിയർ കുപ്പികളിൽ നിന്ന് കണ്ടെത്തിയത്. ഗ്ലാസ് കുപ്പികളിൽ ലീറ്ററിൽ ഏകദേശം 4.5 കണികകൾ ഉണ്ടായിരുന്നപ്പോൾ പ്ലാസ്റ്റിക് കുപ്പികളിൽ ലീറ്ററിൽ 1.6 കണികകൾ മാത്രമാണ് കണ്ടെത്തിയതെന്ന് ജേണല്‍ ഓഫ് ഫുഡ് കോമ്പോസിഷന്‍ ആന്‍ഡ് അനാലിസിസില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഗ്ലാസ് കുപ്പികളുടെ അടപ്പുകളാണ് മൈക്രോപ്ലാസ്റ്റിക്കിന്റെ ഉറവിടങ്ങളെന്നാണ് കരുതുന്നത്. ഗ്ലാസ് കുപ്പികളിലെ പാനീയങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത പ്ലാസ്റ്റിക്കുകള്‍ പരിശോധിച്ചപ്പോൾ അടപ്പില്‍ നിന്നുള്ള പ്ലാസ്റ്റിക്കും പെയിന്റുമാണ് പാനീയങ്ങളിൽ കൂടുതലും അടങ്ങിയിട്ടുള്ളത് എന്നാണ് കണ്ടെത്തിയത്. വൈന്‍ നിറച്ച കുപ്പികളൊഴിച്ച് മറ്റ് പാനീയങ്ങള്‍ നിറച്ച കുപ്പികളിലെല്ലാം വലിയ അളവില്‍ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തി.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ വർധിച്ചുവരുന്ന ഉൽപാദനവും കാര്യക്ഷമമല്ലാത്ത മാലിന്യ സംസ്കരണം മൂലം കരയിലും ജലആവാസ വ്യവസ്ഥകളിലും കാണപ്പെടുന്ന മാലിന്യത്തിന്റെ അളവ് വൻതോതിൽ വർധിച്ചിട്ടുണ്ട്. മരിയാന ട്രെഞ്ച് മുതൽ എവറസ്റ്റ് കൊടുമുടി വരെ അഞ്ച് മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക് കഷണങ്ങളായ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.