പതിവ് വിനോദസഞ്ചാര സ്ഥലങ്ങൾ കണ്ടു മടുത്തവരാണോ നിങ്ങൾ ? എങ്കിൽ ചിറാപുഞ്ചി നിങ്ങൾക്കുള്ളതാണ്. മൺസൂൺ യാത്രകൾ പ്ലാൻ ചെയ്യുന്നവർ ഉറപ്പായും പോകേണ്ട ഇടമാണ് ചിറാപുഞ്ചി. ജൂണ്‍- സെപ്റ്റംബര്‍ മാസങ്ങളിൽ പോയാൽ ചിറാപുഞ്ചിയുടെ മനോഹാരിത നിങ്ങൾക്ക് ആസ്വദിക്കാം.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മേഘാലയ. ലോകത്തിലേറ്റവും മഴ ലഭിക്കുന്ന മൗസിന്റാം ഇവിടെയാണുള്ളത്. അടിത്തട്ട് വരെ ദൃശ്യമാകുന്നത്ര ശുദ്ധമായ നദികള്‍, കണ്ണിന് കുളിര്‍മയേകുന്ന പച്ചപ്പ്, സുന്ദരമായ വെള്ളച്ചാട്ടങ്ങള്‍ എന്നിവയൊക്കെ ഈ കുഞ്ഞന്‍ സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്. നിരവധി നദികളുണ്ടെങ്കിലും ഇവയെല്ലാം സജീവമാകുക മഴക്കാലത്ത് മാത്രമാണ്.
നോഹ്കലികായ് വെള്ളച്ചാട്ടം
ചിറാപുഞ്ചിയില്‍ വന്നശേഷം നോഹ്കലികായ് വെള്ളച്ചാട്ടം കണ്ട് ഞെട്ടാത്തവര്‍ വിരളമാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളുടെ പട്ടികയില്‍ മൂന്നമതാണ് നോഹ്കലികായ്.
340 മീറ്ററാണ് (1,115 അടി) ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. വെള്ളച്ചാട്ടത്തിന് താഴെ പച്ച നിറത്തിലുള്ള മനോഹരമായ ഒരു കുളവുമുണ്ട്. ചിറാപുഞ്ചിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയായാണ് ഈ വെള്ളച്ചാട്ടം വെള്ളച്ചാട്ടത്തിന്റെ മുകളിലേക്കും താഴേക്കുമുള്ള ട്രക്കിങ്ങും മറക്കാനാകാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. മണ്‍സൂണ്‍ കാലമാണ് നോഹ്കലികായ് വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.
140 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 166 കിലോമീറ്റര്‍ അകലെയായി ഗുവാഹത്തി വിമാനത്താവളവുമുണ്ട്. ചിറാപുഞ്ചി, മോസ്മായ് ഗുഹകള്‍, നോഹ്സംഗിതിയാങ്ങ് വെള്ളച്ചാട്ടം, ഡെയിന്‍ത്ലെന്‍ വെള്ളച്ചാട്ടം, ലിവിങ് റൂട്ട്സ് ബ്രിഡ്ജ് എന്നിവയും ഇവിടേയ്ക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക സന്ദര്‍ശിക്കാം.
ലിവിങ് റൂട്ട് ബ്രിഡ്ജ്
ചിറാപുഞ്ചിയുടെ അടയാളമാണ് ഖാസി ജനത റബ്ബര്‍ മരങ്ങളുടെ വേരുകള്‍ ഉപയോഗിച്ച് വളര്‍ത്തിയെടുത്ത വേരുകൊണ്ടുള്ള പാലങ്ങള്‍. നോങ്റിയാത്തിലെ ഡബിള്‍ ഡെക്കര്‍ ലിവിങ് റൂട്ട് ബ്രിഡ്ജ് പ്രശസ്തമാണ്. 3,000-ലധികം പടികള്‍ ഇറങ്ങി വേണം ഇവിടെ എത്തേണ്ടതെങ്കിലും വെള്ളച്ചാട്ടങ്ങളും കാടുകളും ചുറ്റിപ്പറ്റിയുള്ള ഈ യാത്ര ജീവിതകാലത്തേക്കുള്ള അനുഭവമായിരിക്കും.
വേയ് സാവ്‌ഡോങ് വെള്ളച്ചാട്ടം
മൂന്ന് തട്ടുകളിലായുള്ള ഈ വെള്ളച്ചാട്ടം കഥകളിലെന്നപോലെ മനോഹരമാണ്. സാഹസികത നിറഞ്ഞ കാടിനുള്ളിലൂടെയുളള നടത്തം വെറുതേ ആയില്ലെന്ന് തോന്നിപ്പിക്കുന്നതാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുമ്പോഴുള്ള കാഴ്ച.
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് മാവ്‌ലിനോങ് (Mawlynnong) സ്ഥിതി ചെയ്യുന്നത്. ഷില്ലോങ്ങില്‍ നിന്ന് മൂന്നു മണിക്കൂറെടുക്കും ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പേരുകേട്ട മാവ്‌ലിനോങ്ങിലെത്താന്‍. ഏഷ്യയിലെ ഏറ്റവും തെളിമയും വൃത്തിയുമുള്ള ജലാശയം എന്നു പേരുകേട്ട ഡോക്കി (dawki)) തടാകവും ഈ പ്രദേശത്താണ്.
ഡാവ്കി
ചിറാപുഞ്ചിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്രയുണ്ടെങ്കിലും, ഡാവ്കിയിലെ ഉംഗോട്ട് നദി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഗ്ലാസ് പോലെ തെളിഞ്ഞ ജലത്തില്‍ ബോട്ടുകള്‍ പൊങ്ങിക്കിടക്കുന്നതായി തോന്നും.
ഷില്ലോങ് സിറ്റിയില്‍ കാണാന്‍
ലേഡി ഹൈദരി പാര്‍ക്ക്, വാര്‍ഡ്‌സ് ലേക്, ഷില്ലോങ് പീക്ക്, പോലീസ് ബസാര്‍, ബറാ ബസാര്‍, ഉമിയം ലേക്, എലിഫന്റ് ഫോള്‍സ് എന്നിവ പ്രധാന സ്പോട്ടുകളാണ്.
മാവ്ലോങ് വില്ലേജിലേക്കുള്ള വഴിയില്‍നിന്നും പാതിദൂരം പിന്നിടുമ്പോള്‍ വലത്തോട്ട് തിരിഞ്ഞാണ് ചിറാപുഞ്ചിയിലേക്ക് പോകേണ്ടത്. അവിടെ കാണാനുള്ളത് സെവന്‍ സിസ്റ്റേഴ്‌സ് വെള്ളച്ചാട്ടമാണ്.