തൃശൂർ പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലിസ് എഫ്ഐആർ. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂർ സ്വദേശി ഭവി. 2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്.
രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി. ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. അനീഷ ചതിച്ചെന്ന ധാരണയിലാണ് അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കാര്യങ്ങൾ വിശദീകരിച്ചതെന്ന് റൂറൽ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവൻ സ്റ്റേഷനിൽ എത്തിയത്.
അനീഷ ഭാവിയിൽ തന്നെ ഒഴിവാക്കിയാൽ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുതാമെന്നായിരുന്നു ഭവിൻ കരുതിയിരുന്നത്. ഇന്നലെ രാത്രി ഫോൺ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഗര്ഭിണിയായതിന് ശേഷം ഒരു തവണ പോലും ആശുപത്രിയിൽ പോയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്ലംബിങ് തൊഴിലാളിയാണ് ഭവിൻ. ഫോറൻസിക് സർജൻ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കുട്ടികളുടെ അസ്ഥി തന്നെയാണിതെന്ന് വിലയിരുത്തിയിട്ടുണ്ട്.
STORY HIGHLIGHT : Thrissur Pudukkat Newborn baby death ; FIR says Anisha killed Two babies
















