മഴയത്ത് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പത്തുവയസ്സുകാരനെ പിതാവ് കുത്തികൊലപ്പെടുത്തി. ഡല്‍ഹിയിലെ തെക്ക്പടിഞ്ഞാറന്‍ പ്രദേശമായ സാഗര്‍പൂറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
മഴയത്ത് കളിക്കാന്‍ കുട്ടി നിര്‍ബന്ധം പിടിച്ചപ്പോഴാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
മഴയത്ത് കളിക്കാന്‍ കുട്ടി നിര്‍ബന്ധംപിടിക്കുകയും എന്നാല്‍ പിതാവ് എതിര്‍ക്കുകയുമായിരുന്നു. പിന്നീട് കുട്ടി വാശി പിടിച്ച സാഹചര്യത്തില്‍ പിതാവ് അടുക്കളയില്‍ നിന്നും കത്തി എടുത്ത് കുട്ടിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.
പരുക്കേറ്റ കുട്ടിയെ ഉച്ചയ്ക്കു ഒന്നരയോടെ ഡല്‍ഹിയിലെ ദാദാ ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുട്ടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി വീട്ടില്‍ നിന്നു കണ്ടെടുത്തതായും പിതാവിനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
നാല്‍പതു വയസ്സുള്ള പിതാവും നാലു മക്കളുമടങ്ങുന്ന കുടുംബം സാഗര്‍പൂരില്‍ ഒറ്റമുറി വീട്ടിലായിരുന്നു താമസം. കുട്ടിയുടെ മാതാവ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു.