മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് നാല് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവ്. ബാലാജി റാത്തോഡ് എന്നയാളാണ് മകളെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഇയാൾ മദ്യത്തിന് അടിമയാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ലാത്തൂർ ജില്ലയിലെ ഉദ്ഗിർ താലൂക്കിലെ ഭീമ തണ്ട സ്വദേശിയാണിയാൾ.
ബാലാജി റാത്തോഡ് മദ്യത്തിന് അടിമയായിരുന്നു. കുടുംബത്തിൽ വഴക്കുകൾ പതിവായിരുന്നു. ഭാര്യ അയാളെ ഉപേക്ഷിച്ച് പോയിരുന്നു. ഉച്ചകഴിഞ്ഞ് മകൾ ആരുഷി ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു. കോപാകുലനായി അയാൾ സാരി ഉപയോഗിച്ച് കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നു- ഉദ്യോഗസ്ഥർ പറഞ്ഞു.
ബാലാജിക്ക് വധശിക്ഷ നൽകണമെന്ന് ഭാര്യ വർഷ ആവശ്യപ്പെട്ടു. ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
content highlight: crime