യൂത്ത് കോൺഗ്രസ് ക്യാമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് വിമർശനം. ഭാരവാഹികൾ ജനപ്രതിനിധികൾ ആയാൽ സ്ഥാനം ഒഴിയണമെന്നായിരുന്നു ആവശ്യം. ജനപ്രതിനിധികൾക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും പ്രതിനിധി ചൂണ്ടിക്കാണിച്ചു.
രാഹുൽ മാങ്കൂട്ടത്തലിൻ്റെ പേര് പറയാതെയായിരുന്നു വിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ക്യാപ്റ്റൻ മേജർ വിളികൾ നാണക്കേടാണെന്ന രൂക്ഷവിമർശനവും പഠന ക്യാമ്പിൽ ഉയർന്നു. നേതാക്കൾ അപഹാസ്യരാകരുതെന്ന് പ്രമേയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചർച്ചകൾ കോൺഗ്രസിന് നാണക്കേടെന്നും വിമർശനം ഉയർന്നു. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും ഇത്തരം വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും ക്യാമ്പിൽ വിമർശനം ഉയർന്നു.
ഇതിനിടെ യൂത്ത് കോൺഗ്രസിൽ പ്രായപരിധി വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെയും എതിർപ്പ് ഉയർന്നു. പ്രായ പരിധി നാൽപ്പത് വയസ്സ് ആക്കാനുള്ള നീക്കത്തിനെതിരെ 13 ജില്ലാ കമ്മിറ്റികൾ രംഗത്ത് വന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 50 ശതമാനം സീറ്റ് വേണമെന്നും പഠനക്യാമ്പിൽ ആവശ്യം ഉയർന്നു. വേടൻ ശൈലിക്കും യൂത്ത് കോൺഗ്രസിൽ പിന്തുണ കിട്ടി.
content highlight: Youth congress
















