ഇടതുപക്ഷ സര്‍ക്കാരില്‍ തൊട്ടതിലും പിടിച്ചതിലുമൊക്കെ ‘മുസ്ലിം വിരുദ്ധത’യുടെ ചാപ്പ കുത്താന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ചില ലീഗ് സ്‌പോണ്‍സേഡ് മതസംഘടനകളെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി ഇന്ന് നടത്തിയ ഉശിരൻ പ്രസ്താവനക്ക് മലയാളികൾ ഒരു കുതിരപ്പവൻ സമ്മാനിക്കുമെന്നും വിവാദത്തിൽ കെ ടി ജലീൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
സാംബയല്ല സൂംബ!
അമിത മതവൽക്കരണ വാദം ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഏത് മത വിഭാഗത്തിനിടയിലാണെങ്കിലും വലിയ അപകടം ചെയ്യും. മുസ്ലിംലീഗ് പോലുള്ള മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികൾ അത്തരം അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നതിന് ഒരു കാരണവശാലം ചൂട്ടു പിടിക്കരുത്.
ദൗർഭാഗ്യവശാൽ ഇത്തരം ഗൂഢ ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും ലീഗ് സഹായിക്കുകയാണ്. എല്ലാ പൊതു വിദ്യാലയങ്ങളിലും മാന്യമായ ഡ്രസ്കോഡാണ് നിലവിലുള്ളത്. യൂണിഫോമില്ലാത്ത സ്കൂളുകൾ ഇല്ലെന്നു തന്നെ പറയാം. ഇടതുപക്ഷ സർക്കാരിൽ തൊട്ടതിലും പിടിച്ചതിലുമൊക്കെ “മുസ്ലിം വിരുദ്ധത”യുടെ ചാപ്പ കുത്താൻ കിണഞ്ഞ് ശ്രമിക്കുകയാണ് ചില ലീഗ് സ്പോൺസേഡ് മതസംഘടനകൾ.
സാംബ എന്താണെന്നോ സൂംബ എന്താണെന്നോ പ്രാഥമികമായി മനസ്സിലാക്കുക പോലും ചെയ്യാതെ ചില മുറിവൈദ്യൻ പണ്ഡിതൻമാർ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകൾ മുസ്ലിം സമുദായത്തെ ഇതര മതസമൂഹങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനേ ഉപകരിക്കൂ.
ലഹരി വിരുദ്ധ ക്യാമ്പയ്ൻ്റെ ഭാഗമായുള്ള ഒരു പരിപാടി എന്ന നിലയിലാണ് സംഗീതം പശ്ചാതലമാക്കിയുള്ള സൂംബ കുട്ടികളെ പരിശീലിപ്പിക്കാൻ അധികൃതർ സർക്കുലർ ഇറക്കിയത്. അല്ലാതെ എല്ലാ ദിവസവും സൂംബ നൃത്തം നിർബന്ധമായും ചെയ്യണമെന്ന നിലക്കല്ല. എന്നാൽ സ്കൂൾ പാഠ്യ പദ്ധതിയിൽ സൂംബ ഉൾപ്പെടുത്തി എന്ന മട്ടിലാണ് തീർത്തും വക്രീകരിച്ച് ലീഗും തൽപര കക്ഷികളും മുസ്ലിം സമുദായത്തിനകത്ത് കുപ്രചരണങ്ങൾ നടത്തുന്നത്.
പൊതു വിദ്യാഭ്യാസം നാട്ടിലുണ്ടാക്കിയ മതനിരപേക്ഷ മൂല്യങ്ങളിൽ എല്ലാ മതവിഭാഗങ്ങളിലെയും തീവ്ര ചിന്താഗതിക്കാർക്ക് ഒട്ടും രസിച്ചിട്ടില്ല. വിവിധ സമുദായ മാനേജ്മെൻ്റ് അൺ-എയ്ഡഡ് സ്കൂളുകളിൽ നിന്ന് ലക്ഷക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ ആറേഴ് വർഷത്തിനുള്ളിൽ പൊതു വിദ്യാലയങ്ങളിൽ എത്തിയത്. അൺ-എയ്ഡഡ് സ്ഥാപനങ്ങൾ നടത്തി തന്നിഷ്ടപ്രകാരം കുട്ടികളെ വാർത്തെടുക്കാൻ പദ്ധതിയിട്ടവരെ ഇത് കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.
അന്ന് തുടങ്ങിയതാണ് സർക്കാർ-എയ്ഡഡ് മേഖലയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ. ഈ പ്രതിലോമ ചിന്തക്ക് പ്രചാരം നൽകാൻ മുൻപന്തിയിൽ നിന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ഇപ്പോഴിതാ മുജാഹിദ് വിസ്ഡം ഗ്രൂപ്പും ആ വഴിക്ക് വന്നിരിക്കുന്നു. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന സാധാരണക്കാരുടെ മക്കൾ വിദ്യ നേടി നന്നാകരുതെന്ന വാശിയല്ലാതെ മറ്റെന്താണ് സൂംബയെ എതിർക്കുന്നവർക്ക് ഉള്ളത്?
കായിക അദ്ധ്യാപകരെ നിയമിച്ച് ഡ്രില്ലിന് അവസരമൊരുക്കുകയാണ് വേണ്ടതെന്ന നിർദ്ദേശം മുന്നോട്ടു വെച്ചവരോട് ഒരു മറു ചോദ്യം. പുരുഷൻ കായികാദ്ധ്യാപകനായി നിയമിതനായാൽ അയാളുടെ കീഴിൽ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസിലേയും പതിനൊന്നാം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലേയും പെൺകുട്ടികൾ എങ്ങിനെ പോകും എന്നാകില്ലേ നിങ്ങളുടെ അടുത്ത ചോദ്യം? യുവജനോൽസവത്തിലെ നൃത്ത-സംഗീത മൽസരങ്ങളിൽ പങ്കെടുക്കുന്നത് എതിർക്കപ്പെട്ട ഒരു കാലം കഴിഞ്ഞ് പോയത് ആരും മറന്നിട്ടുണ്ടാവില്ല. സിനിമ നിഷിദ്ധമാണെന്ന് പ്രചരിപ്പിക്കപ്പെട്ടതും വിസ്മരിക്കാനാവില്ല. ആൺകുട്ടികളും പെൺകുട്ടികളും ഒരു ക്ലാസ്സിൽ മറയില്ലാതെ ഇരുന്ന് പഠിക്കുന്നത് മതവിരുദ്ധമായി വ്യാഖ്യാനിക്കാൻ തിടുക്കം കാണിച്ചവരും ഇവിടെ ജീവിച്ചിരുന്നു. കാലത്തിൻ്റെ കൂലംകുത്തിയൊഴുക്കിൽ എല്ലാ അബദ്ധ ധാരണകളും ഒലിച്ചു പോയി.
ജമാഅത്തെ ഇസ്ലാമിയുടെ രഹസ്യ വ്യായാമ കൂട്ടായ്മയായി രൂപപ്പെട്ടു വന്ന “മെക്ക് 7”-ൻ്റെ സംഗീതം ചേർത്തുള്ള പരിഷ്കൃത രൂപമായി കണ്ടാൽ പോരെ സൂംബ എന്ന വ്യായാമ മുറയെ. അടിവസ്ത്ര സമാനമായ വേഷമിട്ട് ആടിപ്പാടുന്നതല്ല അതെന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും യാതൊരു ‘വിസ്ഡവും’ തൊട്ടുതീണ്ടാത്തവർക്ക് ഉണ്ടാകാതെ പോയത് പരമ കഷ്ടമാണ്. ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരാധകർ ഫുട്ബോൾ ഗ്രൗണ്ടിൽ ആടിയും പാടിയും തിമർക്കുന്നതല്ല സൂംബ. അത് സംബയാണ്. സൂംബ സാംബയാണെന്ന് ധരിച്ചതാണ് വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കിയ പ്രസ്താവനക്ക് ആധാരം.
മിതവാദികളും യഥാർത്ഥ സലഫികളുമായ കേരള നദ്വത്തുൽ മുജാഹിദീൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ അബ്ദുല്ലക്കോയ മദനി സാഹിബ് ‘വിസ്ഡ’ത്തിൻ്റെ തലയില്ലാത്ത അഭിപ്രായത്തെ തള്ളിപ്പറഞ്ഞത് സ്വാഗതാർഹമാണ്. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരും സ്വീകരിച്ച വിവേക പൂർണ്ണമായ മൗനവും പ്രശംസനീയമാണ്. പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി ഇന്ന് നടത്തിയ ഉശിരൻ പ്രസ്താവനക്ക് മലയാളികൾ ഒരു കുതിരപ്പവൻ സമ്മാനിക്കും. ഉറപ്പാണ്.
content highlight: K T Jaleel MLA
















