നിർബന്ധിത ആന്റി-റാഗിങ് ചട്ടങ്ങൾ പാലിക്കാത്തതിന് 89 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി). പാലക്കാട് ഐഐടി അടക്കം പ്രമുഖ ഐഐടികൾ, ഐഐഎമ്മുകൾ, ഐഐഐടികൾ, എയിംസ് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് നോട്ടിസ്.
നോട്ടിസ് ലഭിച്ച സ്ഥാപനങ്ങളിൽ ഐഐടികൾ, ഐഐഎമ്മുകൾ, എൻഐഡികൾ എന്നിവയുൾപ്പെടെ ദേശീയ പ്രാധാന്യമുള്ള 17 സ്ഥാപനങ്ങളുണ്ട്. ഐഐടി ബോംബെ, ഐഐടി ഖരഗ്പൂർ, ഐഐടി ഹൈദരാബാദ്, ഐഐടി പാലക്കാട്, ഐഐഎം ബെംഗളൂരു, ഐഐഎം റോഹ്തക്, ഐഐഎം തിരുച്ചിറപ്പള്ളി, എയിംസ് റായ്ബറേലി എന്നിവ ഉൾപ്പെടുന്നു.
അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ബസറിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ആർജിഐപിടി) എന്നിവയും നോട്ടിസ് ലഭിച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ പെടുന്നു.
ആന്റി-റാഗിങ് മോണിറ്ററിങ് ഏജൻസിയുടെ നിരവധി ഉപദേശങ്ങൾ, തുടർനടപടികൾ, ഇടപെടലുകൾ എന്നിവ ഉണ്ടായിരുന്നിട്ടും, വിദ്യാർഥികളിൽ നിന്ന് ആവശ്യമായ ആന്റി-റാഗിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളോ സ്ഥാപനം ആന്റി റാഗിങ് ചട്ടങ്ങൾ പാലിക്കുമെന്ന ഉറപ്പോ സമർപ്പിക്കുന്നതിൽ ഈ സ്ഥാപനങ്ങൾ പരാജയപ്പെട്ടു.
ക്യാമ്പസിലെ റാഗിങ് വിരുദ്ധ നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സഹിതം 30 ദിവസത്തിനുള്ളിൽ എല്ലാ വിദ്യാർഥികളിൽ നിന്നുമുള്ള സമ്മതം അറിയിക്കുവാനും ഓൺലൈൻ വഴി ആന്റി റാഗിങ് ചട്ടം പാലിക്കുമെന്ന സത്യവാങ്മൂലം സമർപ്പിക്കാനും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ നടപടിയെടുക്കാത്തത് യുജിസി ഗ്രാന്റുകളും ഫണ്ടിങ്ങും പിൻവലിക്കൽ, അനുസരണക്കേട് പരസ്യമായി വെളിപ്പെടുത്തൽ, അംഗീകാരം റദ്ദാക്കൽ അല്ലെങ്കിൽ അഫിലിയേഷൻ പിൻവലിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾക്ക് കാരണമായേക്കാം എന്ന് കമ്മിഷൻ മുന്നറിയിപ്പ് നൽകി.
ഇഗ്നോ, ബെംഗളൂരു സെൻട്രൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി, ഷിബ്പൂർ, കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് സ്ഥാപനങ്ങൾ. വിദ്യാർഥി ക്ഷേമത്തിനായുള്ള സ്ഥാപനപരമായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതിൽ സ്ഥാപനങ്ങളുടെ കൃത്യമായ അനുസരണ അനിവാര്യമായിരിക്കും എന്ന് യുജിസി വ്യക്തമാക്കി. സ്ഥാപനങ്ങളോട് വിഷയം അടിയന്തരമായി പരിഗണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.