വെളിച്ചെണ്ണ വില ലിറ്ററിന് 450 രൂപ എന്ന സര്‍വകാല റെക്കോഡും പിന്നിട്ടു. ദിനംപ്രതി റെക്കോഡ് വില വര്‍ധനവാണ് ഉണ്ടാകുന്നത്. ആറ് മാസം മുമ്പ് വരെ ലിറ്ററിന് 200 രൂപയ്‌ക്ക് താഴെയായിരുന്നു വില. മാര്‍ച്ച് മുതലാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി വില വര്‍ധനവ് ഉണ്ടായത്.
ആഗോളതലത്തിൽ ഉണ്ടാകുന്ന കൊപ്രയുടെ ക്ഷാമമാണ് വില വര്‍ധനവിന് പ്രധാന കാരണം. പരമ്പരാഗതമായി കേരളത്തിലേക്ക് വെളിച്ചെണ്ണയും കൊപ്രയും എത്തിയിരുന്നത് തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നായിരുന്നു. എന്നാൽ ഇന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കൊപ്ര ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് വില ഉയരുന്നതിനും വിതരണം കുറയുന്നതിനും കാരണമാകുന്നുണ്ട്.
ഏറെക്കാലമായി കേരളം തമിഴ്‌നാടിനെയാണ് വെളിച്ചെണ്ണക്കായി ആശ്രയിക്കുന്നത്. കൊപ്രയായോ വെളിച്ചെണ്ണയായോ വലിയ തോതിൽ ഇറക്കുമതി നടത്തിയിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ കൊപ്രയുടെ ലഭ്യതയും കുറഞ്ഞതോടെ തമിഴ്‌നാട്ടിലെ പല കൊപ്ര മില്ലുകലും അടച്ചുപൂട്ടേണ്ടി വന്നു. ഇത് കേരളത്തിലേക്കുള്ള ഇറക്കുമതിയെ ബാധിക്കുകയും ചെയ്‌തു. എന്നാൽ തമിഴ്‌നാട്ടിൽ നിന്നും ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ കേരളത്തിൽ എത്തുന്നുണ്ട് എന്നതും മറ്റൊരു വസ്‌തുതയാണ്.
നിലവിൽ സംസ്ഥാനത്ത് പലയിടത്തും 450 രൂപയാണ് കിലോയ്‌ക്ക് വില. കൊച്ചിയിലെ മൊത്ത വിപണിയിൽ ഇന്നലെ വെളിച്ചെണ്ണ വില ക്വിൻ്റലിന് 38200 രൂപയെത്തി. തൃശ്ശൂർ വിപണിയിൽ ക്വിൻ്റലിന് 38800 ആയിരുന്നു. കുത്തനെയുള്ള വില വർധനവ് ഉപഭോക്തൃ, ഉത്‌പാദന മേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഓണക്കാലമാകുമ്പോഴേക്കും വെളിച്ചെണ്ണ വില 600 ല്‍ എത്തുമോയെന്ന ആശയങ്കയുമുണ്ട്. തന്നെയുമല്ല കേരളത്തിൽ ചെറിയ തോതിൽ ഉൽപ്പാദനം ഉണ്ടെങ്കിലും അസംസ്‌കൃത വസ്‌തുക്കളുടെ അഭാവം മൂലം കേരളത്തിലെ മില്ലുകൾ പ്രവർത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ട്.
വില കുതിച്ചുയരുന്നുണ്ടെങ്കിലും കേരളത്തിലെ നാളികേര കർഷകർക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരിമിതമായ ഉൽപ്പന്നങ്ങൾ മാത്രം ഉള്ളതിനാൽ ഉയർന്ന വിപണി ആവശ്യകതയും വിലക്കയറ്റവും അവർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. സാഹചര്യം ഇത്തരത്തിൽ തുടരുകയാണെങ്കിൽ വെളിച്ചെണ്ണ വില ഉടനെ 500 രൂപയിലെത്തും. വെളിച്ചെണ്ണ വില കുത്തനെ വര്‍ധിച്ചതോടെ വിപണിയില്‍ വ്യാജനും സജീവമാണെന്ന് വ്യാപാരികള്‍ പറയുന്നു.
















