കുരുമുളക് ചേർക്കുന്ന ഭക്ഷണത്തിന് പ്രത്യേക രുചിയാണ്. നോൺ വെജ് വിഭവങ്ങളിലും വെജ് വിഭവങ്ങളിലും കുരുമുളക് ചേർക്കാറുണ്ട്. കുരുമുളക് അത്രയും ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു കിടിലൻ കുരുമുളക് ചമ്മന്തി. എങ്ങനെ കുരുമുളക് ചമ്മന്തി ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
തേങ്ങ ചിരകിയത്- ഒരു കപ്പ്
പച്ച കുരുമുളക്- രണ്ട് തിരി
ജാതിപത്രി- ഒരു ചെറിയ കഷ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
ചെറിയുള്ളി- ആറ് എണ്ണം
വെളുത്തുള്ളി- മൂന്ന് അല്ലി
ചെറു നാരകത്തിന്റെ ഇല- ഒന്ന്
കറിവേപ്പില- ഒരു തണ്ട്
വാളൻ പുളി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് വെള്ളം ചേർത്ത് അരച്ചെടുക്കാം. മിക്സിയിൽ ആണ് അരയ്ക്കുന്നതെങ്കിൽ അടർത്തിയ കുരുമുളകും, ഇഞ്ചിയും, ജാതിപത്രിയും, ഇലകളും നന്നായൊന്ന് അരച്ചതിലേക്ക് മറ്റു ചേരുവകൾ ചേർത്ത് അരയ്ക്കുന്നതായിരിക്കും ഉത്തമം.