സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സര്‍ക്കാര്‍ നിയമിച്ചതിനെ ചൊല്ലി രാഷ്ട്രീയ സംവാദം തുടരുന്നതിനിടെ പ്രതികരണവുമായിസിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തൻ ആക്കിയതാണ്. സർക്കാരും പാർട്ടിയും രണ്ടു നിലപാട് എടുക്കാൻ ഒരു വ്യതിരക്തതയും ഇല്ലയെന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.കേന്ദ്രം നൽകിയ ലിസ്റ്റിൽ നിന്നാണ് സർക്കാർ തീരുമാനം എടുത്തതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാർ തീരുമാനത്തെ പാർട്ടി അംഗീകരിക്കുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം ഇളക്കിവിടാൻ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. പി ജയരാജൻ പറഞ്ഞത് എതിർപ്പല്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കട്ടെ എന്നു പറഞ്ഞത് എങ്ങനെ എതിർപ്പാകുമെന്നും എംവി ഗോവിന്ദൻ ചോദിച്ചു.
റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി നേരത്തെ പി ജയരാജൻ രംഗത്തെത്തിയിരുന്നു. കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ ചന്ദ്രശേഖർ എന്നാണ് പരാമർശം. നിയമനത്തിൽ വിശദീകരിക്കേണ്ടത് സർക്കാരാണെന്നും പി ജയരാജൻ പറഞ്ഞു.എല്ലാവർക്കും നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പൊലീസ് സംവിധാനം അതാണ് പാർട്ടി തീരുമാനിച്ചതെന്ന് പി ജയരാജൻ പറഞ്ഞിരുന്നു
















