താരിഫുമായി ബന്ധപ്പെട്ട ചർച്ചയുടെ കാലാവധി ജൂലൈ 9 ന് അവസാനിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ജൂലൈ 9 ന് ശേഷം താരിഫ് ചുമത്തുന്നതില്‍ വിവിധ രാജ്യങ്ങള്‍ക്ക് രണ്ട് മാസത്തെ ഇളവ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് വിരാമമായതോടെയാണ് ട്രംപിൻ്റെ താരിഫ് യുദ്ധം വീണ്ടും ഉടലെടുത്തത്. മറ്റ് രാജ്യങ്ങൾ എങ്ങനെയാണ് അമേരിക്കയോട് ഇടപെടുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാകും തീരുവ ചുമത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫോക്‌സ് ചാനൽ നടത്തിയ “സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്‌സ്” എന്ന അഭിമുഖത്തിനിടെയാണ് ട്രംപിൻ്റെ പ്രതികരണം. ഓരോ രാജ്യങ്ങളുമായി വ്യത്യസ്‌ത കരാറുകളുണ്ടാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി. 90 ദിവസത്തിനുള്ളിൽ 90 വ്യാപാര കരാറുകളിൽ എത്തിച്ചേരുക എന്ന ലക്ഷ്യം ഭരണകൂടം നേരത്തെ നിശ്ചയിച്ചിരുന്നു. 200 രാജ്യങ്ങളാണുള്ളത്, എല്ലാവരുമായി സംസാരിക്കാൻ കഴിയില്ലെന്നും അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
താരിഫുമായി ബന്ധപ്പെട്ട് ജൂലൈ 9ന് മുമ്പ് മറ്റ് രാജ്യങ്ങള്‍ ഒരു കരാറിലെത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുകെ മാത്രമാണ് അമേരിക്കയുമായി കരാറിലെത്തിയിട്ടുള്ളത്. ചൈന, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇതുവരെ ഒരു കരാറിലെത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജൂലൈ 9ന് മുമ്പ് കരാറിലെത്തണമെന്ന ട്രംപിൻ്റെ ആവശ്യം ആഗോളതലത്തിലേക്ക് വ്യാപാര യുദ്ധത്തിലേക്ക് വഴിവച്ചേക്കാം