ഇന്ത്യയിൽ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്ന കാർ നിർമ്മാതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച് സ്‌കോഡ, ഫോക്‌സ് വാഗണ്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ വളരെ കുറവ് മോഡലുകളുള്ള വിഭാഗമാണ് ഹൈബ്രിഡ് കാറുകള്‍. 2028 ആവുമ്പോഴേക്കും സ്‌കോഡ, ഫോക്‌സ് വാഗണ്‍ ഹൈബ്രിഡ് മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് ശ്രമം.
പരമ്പരാഗ ഐസിഇ വാഹനങ്ങളില്‍ നിന്നും വൈദ്യുതി കാറുകളിലേക്കുള്ള മാറ്റത്തിനുള്ള പാലമായി ഹൈബ്രിഡ് കാറുകളെ കാണുന്നവരുണ്ട്. ഹൈബ്രിഡ് സാധ്യതകളെ പരമാവധി മുതലെടുക്കാനായി ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(SAVWIPL).
ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന മോഡലുകള്‍ അവതരിപ്പിച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് സ്‌കോഡയുടേയും ഫോക്‌സ്‌വാഗണിന്റെയും ഹൈബ്രിഡ് മോഡലുകള്‍ ഒരുങ്ങുന്നത്. കൂടുതല്‍ ഇലക്ട്രിക്ക് മോഡലുകള്‍ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. CAFE 3(കോര്‍പറേറ്റ് ആവരേജ് ഫ്യുവല്‍ എഫിഷ്യന്‍സി) നിയന്ത്രണങ്ങള്‍ 2027 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ നടപ്പിലാക്കും. ഇതുകൂടി കണക്കിലെടുത്താണ് ഹൈബ്രിഡിലേക്കുള്ള മാറ്റം.
ഹൈബ്രിഡിനു വേണ്ടി IMP21 പ്ലാറ്റ്‌ഫോം സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കാനും ഇടയുണ്ട്. ഇന്ത്യ മെയിന്‍ പ്ലാറ്റ്‌ഫോം എന്നാണ് IMP എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചൈന മെയിന്‍ പ്ലാറ്റ്‌ഫോം(CMP) എന്ന ചൈനീസ് വാഹനങ്ങള്‍ക്കായുള്ള പ്രത്യേക പ്ലാറ്റ്‌ഫോമിന്റെ ഇന്ത്യന്‍ വകഭേദമായിരിക്കും ഇന്ത്യ മെയിന്‍ പ്ലാറ്റ്‌ഫോമെന്നാണ് സൂചന. ഇന്ത്യന്‍ പ്ലാറ്റ്‌ഫോമിലും വാഹനത്തിലും പരമാവധി ഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതുവഴി വാഹനത്തിന്റെ വിലയില്‍ കുറവുവരുത്താനാവുമെന്നാണ് പ്രതീക്ഷ.
സ്ലാവിയ, വെര്‍ട്ടസ് പോലുള്ള സെഡാനുകളിലും കുഷാക്ക്, ടൈഗൂണ്‍ പോലുള്ള കോംപാക്ട് എസ് യുവികളിലും ഹൈബ്രിഡ് വകഭേദം പ്രതീക്ഷിക്കാം. നിലവിലുള്ള മോഡലുകളേക്കാള്‍ പ്രീമിയം മോഡലായിട്ടാവും ഹൈബ്രിഡിന്റെ വരവ്. ഉയര്‍ന്ന ഇന്ധനക്ഷമതയുണ്ടെങ്കിലും ഈ ഉയര്‍ന്ന വിലയാണ് പലരേയും ഹൈബ്രിഡില്‍ നിന്നും മാറ്റി നിര്‍ത്തുന്നതും.
നിലവില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബാന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നിങ്ങനെയുള്ള കോംപാക്ട് എസ് യുവികളില്‍ മാത്രമേ ഹൈബ്രിഡ് പവര്‍ട്രയിനുകളുള്ളൂ. അതേസമയം സെഡാനുകളിലേക്കു വന്നാല്‍ ഹോണ്ട സിറ്റി ഇ:എച്ച്ഇവി മാത്രമാണ് ഹൈബ്രിഡായി എത്തുന്നത്. അതേസമയം രണ്ടാം തലമുറ കിയ സെല്‍റ്റോസിലും മൂന്നാം തലമുറ ഹ്യുണ്ടേയ് ക്രേറ്റയിലും ഹൈബ്രിഡ് വകഭേദങ്ങളെ പ്രതീക്ഷിക്കാം. റെനോയും നിസാനും ചേര്‍ന്നും ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ ഡസ്റ്ററിലും മറ്റും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്.