പാലക്കാട് കഞ്ചിക്കോടുള്ള കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ രണ്ടാം ഘട്ടത്തിന്റെ അലോട്‌മെന്റ് ആരംഭിച്ചു. 213 ഏക്കര്‍ വരുന്ന രണ്ടാം ഘട്ടത്തില്‍ 74 ഏക്കര്‍ ഭൂമി ഭാരത് പെട്രോളിയം ലിമിറ്റഡിന് അനുവദിച്ചു. കൊച്ചിയില്‍ ഫെബ്രുവരിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തില്‍ ധാരണാപത്രം ഒപ്പിട്ട പദ്ധതിയാണിത്. പൊതുഇടത്തിന്റെ വികസനാവശ്യങ്ങള്‍ക്കുശേഷംവരുന്ന ഏതാണ്ട് നൂറ് ഏക്കറോളം ഭൂമി മാത്രമാണ് പാര്‍ക്കില്‍ ഇനി അനുവദിക്കാനുള്ളത്. പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വ്യവസായ മന്ത്രി പി. രാജീവ് തിങ്കളാഴ്ച നേരിട്ടെത്തി വിലയിരുത്തി.
രണ്ടു ഘട്ടങ്ങളും ചേര്‍ത്ത് 430 ഏക്കറോളം ഭൂമിയാണ് പാര്‍ക്കില്‍ ആകെയുള്ളത്. ഒന്നാംഘട്ടത്തില്‍ 155.51 ഏക്കര്‍ ഭൂമിയും 1,21,553 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുമാണ് സംരംഭകര്‍ക്കായി കിന്‍ഫ്ര സജ്ജമാക്കിയത്. ഇതിലെ 142.55 ഏക്കര്‍ ഭൂമി 128 വ്യവസായങ്ങള്‍ക്കായാണ് അനുവദിച്ചത്. ഏകദേശം 450 കോടി രൂപയുടെ നിക്ഷേപവും നാലായിരത്തില്‍പരം തൊഴിലവസരങ്ങളുമാണ് ഒന്നാംഘട്ടത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്.
എസ്ഡിഎഫ് പൂര്‍ണമായും അനുവദിച്ചിരിക്കുന്നത് ഖനനരംഗത്തെ പ്ലാന്റുകളുടെയും ഉപകരണങ്ങളുടേയും നിര്‍മാതാക്കളായ ഹെയ്ല്‍ സ്‌റ്റോണിനാണ്. 2020ല്‍ ഇവിടെ അഞ്ച് ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഹെയ്ല്‍സ്‌റ്റോണ്‍ യൂണിറ്റ് വിവിധ ഖനനാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനാണ് എസ്ഡിഎഫില്‍ സ്ഥലം ഏറ്റെടുത്തത്. 20 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതി, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മെയ് അഞ്ചിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തില്‍ ധാരണാപത്രം ഒപ്പിട്ട പദ്ധതിയാണ് ഇതും. ഇവിടെ ആദ്യമായി വികസിപ്പിച്ച ലോകോത്തര നിലവാരത്തിലുള്ള ട്രാക് മൗണ്ടിംഗ് മെഷീന്‍ മന്ത്രി രാജീവ് അനാച്ഛാദനം ചെയ്തു.
രണ്ടാം ഘട്ടത്തില്‍ 650 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ബിപിസിഎല്ലിന്റെ പദ്ധതിക്ക് 90 വര്‍ഷമാണ് പാട്ടക്കാലാവധി. മാര്‍ച്ച് മാസം അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി കമ്പനിക്ക് കൈമാറി. 1,19,711 കിലോലിറ്റര്‍ സംഭരണശേഷിയുള്ള പ്ലാന്റാണ് ഭാരത് പെട്രോളിയം ഇവിടെ സ്ഥാപിക്കുന്നത്. പാര്‍ക്കില്‍ രണ്ടാംഘട്ടം വികസനത്തിന്റെ ഭാഗമായി കിന്‍ഫ്ര നടത്തിവരുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് സമാന്തരമായി ബിപിസിഎല്‍ തങ്ങള്‍ക്കാവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.