കോഴിക്കോട് നടക്കുന്ന എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പങ്കെടുക്കുവാന്‍ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും.
‘രക്ഷിതാക്കളറിയാതെ ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞാണ് മുമ്പ് sfi പാലക്കാട്ടെ വിദ്യാർത്ഥികളെ ചാക്കിട്ട് സമ്മേളനത്തിന് കൊണ്ടുപോയത്. കേരളത്തിലെ വിദ്യാർത്ഥികളോട് നേരാം വണ്ണം രാഷ്ട്രീയം പറയാൻ പോലും കെൽപ്പില്ലാത്ത എസ്എഫ്ഐ, സ്വന്തം സമ്മേളനത്തിന് ആളെ കൂട്ടാൻ സർക്കാരിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. എസ്എഫ്ഐ ക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ. വിദ്യാഭ്യസ മന്ത്രി മറുപടി പറയണം. നടപടി സ്വീകരിക്കണം!’ പി കെ നവാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
‘വിദ്യാര്‍ത്ഥി സംഘടനകള്‍ വിവിധ വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ നടത്തുന്ന പഠിപ്പുമുടക്കിന്റെ ഭാഗമായി സ്‌കൂള്‍ അധികാരികള്‍ക്ക് കത്ത് നല്‍കാറുണ്ട്. എന്നാല്‍ അതുപോലെയല്ല ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ രാഷ്ട്രീയ സമ്മേളന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി നിര്‍ബന്ധിതമായി വിദ്യാര്‍ത്ഥികളെ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.’ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു.
എസ്എഫ്‌ഐയുടെ സമ്മേളനത്തിന്റെ ഭാഗമായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി സുനിലാണ് അവധി നല്‍കിയത്. നേതാക്കളുടെ ആവശ്യപ്രകാരമാണ് അവധി നല്‍കിയതെന്നും രാവിലെ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വന്നെന്നും അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുട്ടികളെ വിടണം എന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും സുനില്‍ വ്യക്തമാക്കി. സംഭവത്തില്‍ ഡിഇഒയില്‍ നിന്ന് ഡിഡിഇ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
STORY HIGHLIGHT: sfi on leave controversy
















