കൊച്ചി: ആഗോള എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ച് മുന്‍നിര ടെലികോം സേവന ദാതാക്കളായ വിയുടെ സംരംഭക വിഭാഗമായ വി ബിസിനസ് ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭ മേഖലയിലെ വളര്‍ച്ചയെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ മൂന്നാം പതിപ്പു പുറത്തിറക്കി. 2023-ല്‍ 56.6 എന്ന നിലയിലായിരുന്ന ഡിജിറ്റല്‍ മെച്യൂരിറ്റി സൂചിക 2025-ല്‍ 58.0-ത്തില്‍ എത്തിയതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 71.2 എന്ന നിലയില്‍ തെലുങ്കാന ഡിജിറ്റല്‍ മച്യൂരിറ്റി സൂചികയില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 63 എന്ന നിലയില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സ്ഥാപനങ്ങള്‍ രണ്ടാം സ്ഥാനത്തും 59 പോയിന്റുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമാണ്.
ഇന്ത്യന്‍ ഡിജിറ്റല്‍ സമ്പദ്ഘടന ശക്തമായി മുന്നോട്ടു കുതിക്കുന്ന സാഹചര്യത്തില്‍ ചെറുകിട സംരംഭങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തി പ്രവര്‍ത്തന മികവ് ശക്തമാക്കുകയും വിപണി സാന്നിധ്യം വിപുലമാക്കുകയുമാണ്. റെഡി ഫോര്‍ നെക്സ്റ്റ് എംഎസ്എംഇ ഗ്രോത്ത് ഇന്‍സൈറ്റസ് സ്റ്റഡി 2025 എന്ന പേരിലുള്ള ഈ റിപ്പോര്‍ട്ട് ഈ രംഗത്തെ ക്രിയാത്മക മാറ്റങ്ങള്‍, രാജ്യത്തെ ഡിജിറ്റല്‍ മച്യൂരിററി സൂചിക തുടങ്ങിയവ വ്യക്തമാക്കുന്നു.
ക്ലൗഡ്, സൈബര്‍സെക്യൂരിറ്റി, ഓട്ടോമേഷന്‍ തുടങ്ങിയവയിലെ നിക്ഷേപത്തിലുള്ള മികച്ച വര്‍ധനവ് ചെറുകിട ബിസിനസുകള്‍ സാങ്കേതികവിദ്യയടെ മുന്നേറ്റത്തിനുള്ള വഴിയായി കാണുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വോഡഫോണ്‍ ഐഡിയ ചീഫ് എന്റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നെവാറ്റിയ പറഞ്ഞു. ചെറുകിട പട്ടണങ്ങളില്‍ നിന്ന് ആഗോള വിപണിയിലേക്കും മാനുഷിക പ്രവര്‍ത്തനങ്ങളില്‍ നിന്നു ഡിജിറ്റല്‍ ഫസ്റ്റ് എന്ന നിലയിലേക്കുമുള്ള വളര്‍ച്ചയുടെ യാത്ര ആഘോഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.