കോഴിക്കോട് : പുരുഷന്മാരെ ഏറ്റവും കൂടുതലായി ബാധിക്കുന്ന കാന്‍സറുകളില്‍ ഒന്നായ പ്രോസ്റ്റേറ്റ് കാന്‍സര്‍ വര്‍ദ്ധിച്ചുവരുന്നത് തടയുന്നതിനായി നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ ആഹ്വാനം ചെയ്യുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാന്‍സര്‍ രജിസ്ട്രി ഡേറ്റ പ്രകാരം, 2019 മുതല്‍ 2023 വരെ പ്രോസ്റ്റേറ്റ് കാന്‍സര്‍ കേസുകളില്‍ ഏകദേശം 16 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ അവസാന വര്‍ഷം മാത്രം 18.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മലബാര്‍ കാന്‍സര്‍ സെന്ററില്‍ കൂടുതല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളെ കാണുക മാത്രമല്ല ചെയ്യുന്നത്. മികച്ച ചികിത്സ നല്‍കുന്നതിനൊപ്പം ജീവിത നിലവാരം നിലനിര്‍ത്താനും സഹായിക്കുന്ന റോബോട്ടിക് സര്‍ജറി പോലുള്ള നൂതന ചികിത്സാ സാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള രോഗികളെയും കാണുന്നുണ്ടെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബി പറഞ്ഞു. ആധുനിക റോബോട്ടിക് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് റാഡിക്കല്‍ പ്രോസ്റ്റേറ്റെക്ടമി പോലുള്ള സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ വളരെ കൃത്യതയോടെ നടത്താനാകും. ഇതിലൂടെ പ്രധാന നാഡികളും അവയവങ്ങളും സംരക്ഷിക്കാന്‍ കഴിയും. മൂത്രനിയന്ത്രണ ശേഷിയും പ്രത്യുത്പാദന-ലൈംഗിക പ്രവര്‍ത്തനങ്ങളും നിലനിര്‍ത്തുന്നതിന് ഇത് അത്യന്തം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാരിന്റെ രണ്ട് ഉന്നത കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളായ റീജിയണല്‍ കാന്‍സര്‍ സെന്ററിലും മലബാര്‍ കാന്‍സര്‍ സെന്ററിലും അത്യാധുനിക ഡാവിഞ്ചി റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം അവതരിപ്പിച്ചിരുന്നു. കാന്‍സര്‍ ബാധ പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഒതുങ്ങി നില്‍ക്കുമ്പോഴാണ് ശസ്ത്രക്രിയയിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന റാഡിക്കല്‍ പ്രോസ്റ്റേറ്റെക്ടമി സാധാരണയായി ശുപാര്‍ശ ചെയ്യാറുള്ളത്. പ്രോസ്റ്റേറ്റ് ഇടുപ്പിനുള്ളിലായി അതിലോലമായ നാഡികളുടെയും രക്തക്കുഴലുകളുടെയും സമീപത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ ഈ ശസ്ത്രക്രിയ സാങ്കേതികമായി ആതീവ സങ്കീര്‍ണ്ണമാണ്. എന്നാല്‍ ആധുനിക റോബോട്ടിക് സിസ്റ്റത്തിന്റെ 3ഡി മാഗ്‌നിഫൈഡ് വിഷന്‍, റിസ്റ്റഡ് ഉപകരണങ്ങള്‍ എന്നിവ ഈ പരിമിതമായ ഇടങ്ങളില്‍ കൂടുതല്‍ കൃത്യതയും നിയന്ത്രണവും സാദ്ധ്യമാക്കും. ഇത് ടിഷ്യു കേടുപാടുകള്‍ കുറയ്ക്കുന്നതിനും സുഗമമായ സുഖപ്പെടലിനും സഹായിക്കുന്നു. മറ്റൊരു പ്രധാന നേട്ടം, മൂത്രസഞ്ചി, മൂത്രനാളി എന്നിവ വീണ്ടും ബന്ധിപ്പിക്കുന്നത് പോലുള്ള ഘട്ടങ്ങളില്‍ റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ വളരെ കൃത്യമായ തുന്നല്‍ സാധ്യമാക്കുന്നു എന്നതാണെന്നും ഡോ. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അവയവങ്ങളുടെയും നാഡികളുടെയും സംരക്ഷണത്തിനു പുറമേ, മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയകള്‍ സുഗമമായ സുഖപ്പെടല്‍ ലഭ്യമാക്കുമെന്നും ഡോ. സതീശന്‍ പറയുന്നു. മിനിമലി ഇന്‍വേസീവ് സമീപനം ചെറിയ മുറിവുകള്‍, കുറഞ്ഞ രക്തനഷ്ടം, അണുബാധയ്ക്കുള്ള കുറഞ്ഞ സാധ്യത എന്നീ മികവുകളുള്ളതാണ്. മിക്ക രോഗികളും 3-4 ദിവസത്തിനുള്ളില്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നു, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുന്ന രീതി കേരളത്തില്‍ വളര്‍ന്നുവരുന്നതിനാല്‍ നൂതന ശസ്ത്രക്രിയാ രീതികളിലേക്കുള്ള ഈ മാറ്റത്തിന് കൂടുതല്‍ പിന്തുണ കിട്ടുന്നുണ്ടെന്ന് ഡോ. സതീശന്‍ പറഞ്ഞു.
മുന്‍കാലങ്ങളില്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച ഭൂരിഭാഗം രോഗികളും നാലാമത്തെ സ്റ്റേജിലുള്ള രോഗാവസ്ഥയുമായിട്ടാണ് എത്തിയിരുന്നത്. പലപ്പോഴും ശരിയായ ഘട്ടങ്ങളോ രോഗനിര്‍ണയമോ നടത്താതെയായിരുന്നു ഇത്. ഇന്ന് ആ അവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ തന്നെ ചികിത്സ തേടിയെത്തുന്നു. ഇത് ബോധവത്കരണ പരിപാടികള്‍, മെച്ചപ്പെട്ട ആരോഗ്യ സാക്ഷരത, സ്വമേധയാ ഉള്ള പിഎസ്എ സ്‌ക്രീനിംഗുകള്‍, അത്യാധുനിക രോഗനിര്‍ണയ-ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത എന്നിവയുടെ ഗുണപരമായ സ്വാധീനമാണ് കാണിക്കുന്നത്. പ്രോസ്റ്റേറ്റ് കാന്‍സറിനെക്കുറിച്ചുള്ള ഡോക്ടര്‍മാരുടെ മെച്ചപ്പെട്ട ധാരണ കൃത്യമായ റഫറലുകള്‍ക്ക് വഴിയൊരുക്കി. ഇത് ശരിയായ വിലയിരുത്തലും ചികിത്സയും സാധ്യമാക്കി. പ്രാരംഭ ഘട്ടത്തില്‍ കാന്‍സര്‍ കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച കാമ്പയനായ ”ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം” രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഇത് പുരുഷന്മാരിലെ കാന്‍സറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പദ്ധതിയുടെ ഒരു പ്രധാന ദീര്‍ഘകാല ലക്ഷ്യം ക്രമബദ്ധമായ കാന്‍സര്‍ പരിശോധനയ്ക്കുള്ള ഘടനാപരമായ ഒരു മാര്‍ഗരേഖ സ്ഥാപിക്കുക എന്നതാണ്. ആരോഗ്യ പരിശോധന പാക്കേജുകളില്‍ പതിവ് പിഎസ്എ സ്‌ക്രീനിംഗുകള്‍ കൂട്ടിച്ചേര്‍ക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, വിവിധ കേന്ദ്രങ്ങളില്‍ ഗൈഡഡ് ബയോപ്സി സേവനങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ ചേര്‍ന്ന് രോഗം നേരത്തേ കണ്ടെത്താനും കൂടുതല്‍ ഫലപ്രദമായ ചികിത്സാ പദ്ധതികള്‍ തയ്യാറാക്കാനും സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി, കേരളം പ്രതികരണാത്മകമായ ആരോഗ്യ സംരക്ഷണ മാതൃകയില്‍ (reactive healthcare model) നിന്ന് മുന്‍കരുതല്‍ ആരോഗ്യപരിചരണ മാതൃകയിലേക്ക് (proactive healthcare model) ക്രമാതീതമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ റോബോട്ടിക് ശസ്ത്രക്രിയകള്‍ കൂടുതല്‍ വ്യാപകമായി സ്വീകരിക്കപ്പെടുകയാണെന്ന് മലബാര്‍ കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തലവനും പ്രൊഫസറുമായ ഡോ. നിസാമുദ്ദീന്‍ പറഞ്ഞു. വടക്കന്‍ കേരളത്തിലുടനീളമുള്ള രോഗികള്‍ക്ക് മാത്രമല്ല, അയല്‍ സംസ്ഥാനമായ തമിഴ്നാട്, കര്‍ണാടക, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്കും മലബാര്‍ കാന്‍സര്‍ സെന്റര്‍ സേവനം നല്‍കുന്നു. അടുത്തകാലത്തായി, അത്യാധുനികവും ചെലവുകുറവുമായ കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രവാസികളായ മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവണതയും വര്‍ദ്ധിച്ചുവരുകയാണ്. ഇപ്പോള്‍ ലോകോത്തര ചികിത്സാ രീതികള്‍ ഇടത്തരം നഗരങ്ങളിലും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും, കേരളത്തിലെ ഉയര്‍ന്നുവരുന്ന കാന്‍സര്‍ രോഗ നിരക്ക് നേരിടാന്‍ പുതിയ ചികിത്സാ രീതികളുടെ വ്യാപകമായ സ്വീകരണം അനിവാര്യമാണ്. പ്രോസ്റ്റേറ്റ് കാന്‍സറിനെക്കുറിച്ചും ലഭ്യമായ ചികിത്സാ മാര്‍ഗങ്ങളെയും കുറിച്ച് ബോധവത്കരണം വര്‍ദ്ധിപ്പിക്കുന്നത് കൂടുതല്‍ പുരുഷന്മാരെ സമയബന്ധിത സ്‌ക്രീനിംഗിനും ചികിത്സയ്ക്കും പ്രേരിപ്പിക്കുന്നതില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.