ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് സീഷെൽസ്. നിരവധി ബീച്ചുകൾ, പവിഴപ്പുറ്റുകൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയാൽ സമ്പന്നമാണ് സീഷെൽസ്. ഇന്ത്യൻ മഹാസമുദ്രത്തിലെ കൊച്ചു ദ്വീപ് രാഷ്ട്രം സന്ദർശിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്.
തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രകൃതിയോട് ചേർന്ന് ഒരു അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സീഷെൽസ് ഒരു പറുദീസയാണ്.
സിനിമകളിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള, കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യമുള്ള ബീച്ചുകൾ ഇവിടെയുണ്ട്. ‘അൻസ് സോഴ്സ് ഡി ആർജന്‍റ്’ പോലുള്ള ബീച്ചുകൾ ലോകപ്രശസ്തമാണ്. ഇവിടുത്തെ പിങ്ക് നിറമുള്ള ഗ്രാനൈറ്റ് പാറക്കെട്ടുകൾ, തെളിഞ്ഞ നീല വെള്ളം, തെങ്ങുകൾ എന്നിവ ചേർന്ന് ഒരു മാന്ത്രിക ലോകം സൃഷ്ടിക്കുന്നു. വെറുതെ മണലിൽ കാൽ നനച്ച് നടക്കാനും, സൂര്യരശ്മികൾ ആസ്വദിച്ച് വിശ്രമിക്കാനും, കടലിന്‍റെ ശബ്ദം കേട്ട് മയങ്ങാനും ഇതിലും മികച്ചൊരിടം വേറെയില്ല.
സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സ്നോർക്കെല്ലിങ്, സ്കൂബാ ഡൈവിങ് പോലുള്ള ഒട്ടനവധി വിനോദങ്ങളും ഇവിടെയുണ്ട്. വർണാഭമായ പവിഴപ്പുറ്റുകളും കൂടാതെ, ആമകൾ, ഡോൾഫിനുകൾ, വിവിധതരം മത്സ്യങ്ങൾ തുടങ്ങിയ പലതരം കടൽ ജീവികളും വെള്ളത്തിനടിയിലെ കാഴ്ചകളാണ്.
വെള്ളത്തിനടിയിൽ മാത്രമല്ല, കരയിലും സാഹസിക വിനോദങ്ങളുണ്ട്. ഇടതൂർന്ന കാടുകളിലൂടെയുള്ള ട്രെക്കിങ്ങും സൈക്കിൾ സവാരിയും പ്രകൃതിയെ അടുത്തറിയാൻ സഹായിക്കും. മഹി ദ്വീപിലെ മോൺ സെഷെല്ലോയിസ് നാഷണൽ പാർക്കിലെ ട്രെക്കിങ് റൂട്ടുകൾ സാഹസികർക്ക് ഒരു പുതിയ അനുഭവം നൽകും.
സീഷെൽസ് യാത്രയിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് ആൽഡാബ്ര അറ്റോള്‍. ക്രിസ്മസ് ദ്വീപ് എന്നും അറിയപ്പെടുന്ന കിരിതിമാറ്റി കഴിഞ്ഞാല്‍, ലോകത്തിലെ രണ്ടാമത്തെ വലിയ പവിഴ അറ്റോൾ ആണ് ഇത്. നാല് വലിയ ദ്വീപുകൾക്ക് പുറമേ, ഏകദേശം 40 ചെറിയ ദ്വീപുകളും പാറക്കെട്ടുകളും ആൽഡാബ്ര അറ്റോളിൽ ഉണ്ട്. സീഷെൽസിലെ പ്രധാന ദ്വീപായ മാഹിയില്‍ നിന്ന് ഏകദേശം 1000 കിലോമീറ്ററിലധികം ദൂരെയാണ് ആൽഡാബ്ര സ്ഥിതി ചെയ്യുന്നത്.
ആൽഡാബ്രയെ ഏറ്റവും പ്രശസ്തമാക്കുന്നത് ഇവിടുത്തെ ആൽഡാബ്ര ഭീമൻ ആമകളാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഭീമാകാരൻ ആമകൾ വസിക്കുന്ന ഒരിടം കൂടിയാണിത്. ഏകദേശം 100,000 ത്തിലധികം ആമകൾ ഇവിടെ സ്വതന്ത്രമായി ജീവിക്കുന്നുണ്ട്. ഈ ആമകളെ ഇത്രയധികം കാണാൻ സാധിക്കുന്ന ലോകത്തിലെ ഒരേയൊരു സ്ഥലവും ഒരുപക്ഷേ ഇതായിരിക്കും. ആമകൾക്കൊപ്പം സമയം ചെലവഴിക്കുന്നതും അവയെ തൊട്ടുതലോടുന്നതും ഒരു മറക്കാനാവാത്ത അനുഭവമാണ്. മുൻകൂർ അനുമതിയോടെയുള്ള ഗൈഡഡ് ടൂറുകൾ മാത്രമേ ഇവിടെ അനുവദിക്കൂ.
സീഷെൽസിന്‍റെ മനോഹരമായ കാഴ്ചകൾ ഏറ്റവും മനോഹരമായി ആസ്വദിക്കാൻ സീപ്ലെയിൻ യാത്ര തിരഞ്ഞെടുക്കാം. ആകാശത്ത് നിന്ന് താഴേക്ക് നോക്കുമ്പോൾ കാണുന്ന നീലയും പച്ചയും കലർന്ന കടലും, കൊച്ചുകൊച്ചു ദ്വീപുകളും വെളുത്ത ബീച്ചുകളും മനം കവരും. താഴെ ഓരോന്നായി വിടര്‍ന്നുവരുന്ന കാഴ്ചകൾ ഒരു വർണചിത്രം പോലെ മനസ്സിൽ മായാതെ നിൽക്കും.
സീഷെൽസിലെ ഭക്ഷണം ഇവിടുത്തെ സംസ്കാരത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. ഫ്രഞ്ച്, ആഫ്രിക്കൻ, ഇന്ത്യൻ സ്വാധീനങ്ങളുള്ള ‘ക്രിയോൾ’ പാചകരീതി ഇവിടെ വളരെ പ്രശസ്തമാണ്. പുതിയ കടൽ വിഭവങ്ങൾ ഉപയോഗിച്ചുള്ള കറികളും പഴവർഗ്ഗങ്ങളും പ്രാദേശിക വിഭവങ്ങളും കൂടാതെ തേങ്ങയും പലതരം മസാലകളും ചേർത്തുള്ള കറികളും ഗ്രിൽ ചെയ്ത മീനുകളുമെല്ലാം തീർച്ചയായും രുചിച്ചു നോക്കണം.