ലോകത്ത് നിരവധി ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. വീഡിയോ , സംഗീതം, ടെലിവിഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ യൂട്യൂബ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. എഐ ജനറേറ്റ് ചെയ്ത സെര്‍ച്ച് റിസല്‍ട്ട് ഫീച്ചർ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
സേവനങ്ങളുടനീളം എഐ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബ് റിസല്‍ട്ട് പേജിന് മുകളിലായാണ് എഐ ജനറേറ്റഡ് സെര്‍ച്ച് റിസല്‍ട്ട് കാണുക. ഇതില്‍ യൂട്യൂബ് വീഡിയോകള്‍ക്കൊപ്പം അവയെകുറിച്ചുള്ള എഐ നിര്‍മിതമായ ചെറുവിവരണവും കാണാം. സെര്‍ച്ച് റിസല്‍ട്ടിലെ തമ്പ് നെയിലില്‍ ടാപ്പ് ചെയ്താല്‍ വീഡിയോ പ്ലേ ചെയ്യാം.
ഉപഭോക്താവ് എന്താണ് സെര്‍ച്ച് ചെയ്തത് എന്നതിന് അനുസരിച്ചാണ് വീഡിയോകളെ കുറിച്ചുള്ള വിവരണം എഐ തയ്യാറാക്കുക. നിലവില്‍ യൂട്യൂബിന്റെ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. ആവശ്യമുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാനാവുന്ന ഓപ്റ്റ്-ഇന്‍ ഫീച്ചറാണിത്. ആവശ്യമില്ലെങ്കില്‍ ഫീച്ചര്‍ ഓഫ് ചെയ്തുവെക്കാം.
അതേസമയം, വീഡിയോകളിലെ ക്ലിക്കുകള്‍ ഈ ഫീച്ചര്‍ കുറയ്ക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. കാരണം വീഡിയോയുടെ ഉള്ളടക്കം എന്താണ് എന്നതിന്റെ ചുരുക്കമാണ് എഐ വിവരണത്തിലുണ്ടാവുക. അത് വായിച്ചാല്‍ ഉപഭോക്താക്കള്‍ വീഡിയോയില്‍ ക്ലിക്ക് ചെയ്ത് നോക്കുന്നത് കുറവായിരിക്കുമെന്ന് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ആശങ്കപ്പെടുന്നു.
വെബ്‌സെര്‍ച്ചില്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് വിവരം. ഉപഭോക്താക്കള്‍ ചാറ്റ് ജിപിടി, ജെമിനൈ പോലുള്ള എഐ ചാറ്റ്‌ബോട്ടുകളോട് ചോദ്യങ്ങള്‍ ചോദിച്ച് വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണെന്നും വെബ് പേജുകള്‍ സന്ദര്‍ശിക്കുന്നില്ലെന്നും പഠനങ്ങളുണ്ട്.