സുരേഷ് ഗോപി ചിത്രം ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ ജാനകി എന്ന പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഈ അവസരത്തില്‍ തന്റെ പേരിലെ കൈലാസ് മാറ്റേണ്ടി വരുമോ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് പരിഹാസ രൂപേണ ചോദിക്കുന്നത്. ചിത്രാഞ്ജലിയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്.
ഷാജി കൈലാസ് പറഞ്ഞത്…..
‘വല്ലാത്തൊരു അവസ്ഥയാണിത്. എന്റെ പേരിലെ കൈലാസ് എന്ന പേര് ഇനി കുഴപ്പമാവുമോ എന്നാണ്. ആ രീതിയിലാണ് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആവശ്യമില്ലാതെ വര്‍ഗീയ നിറം കൊടുത്ത് കുഴപ്പമുണ്ടാക്കണ്ട. സെന്‍സര്‍ ബോര്‍ഡ് കലാരൂപങ്ങളെ ആവശ്യമില്ലാതെ കുത്തി കുത്തി നോവിക്കുകയാണ്. ഞാനിതില്‍ ഒരുപാട് ബലിയാടായതാണ്’.
അതേസമയം, ജാനകി എന്ന പേര് മതപരമായോ വര്‍ഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ജാനകി എന്ന പേരിലെന്താണ് കുഴപ്പം. ഇന്ത്യയില്‍ 80 ശതമാനം പേരുകളും മതപരമായി ഉള്ളതാണ്. മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിന്റെ നാമങ്ങളാണ്. ജാനകിക്ക് എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് മറുപടി പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.