പലർക്കും സാധാരണയായി അനുഭവപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് ദഹന പ്രശ്‌നങ്ങൾ. എന്നാൽ ഇനി ദഹന പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുകയില്ല. അതിനായി ഇതാ കിടിലൻ പാനീയം വീട്ടിൽ തന്നെ തയാറാക്കാം.
ഈ പാനീയം ഇതിനു ഒരു മികച്ച പരിഹാരമാണ്. വെള്ളത്തിൽ കുതിർത്തു കഴിയുമ്പോൾ ചിയ സീഡ്‌സ് ജെൽ രൂപത്തിലാകും. ഈ ജെൽ ദഹനനാളത്തിന് ഒരു ആവരണമായി വർത്തിക്കുകയും ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇത് ഫലപ്രദമായി നേരിടും, ഒപ്പം നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും.
കറുത്ത മുന്തിരിയിലാകട്ടെ, പ്രീബയോട്ടിക്കുകൾ ധാരാളമുണ്ട്. ഇത് കുടലിലുള്ള നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കും. അങ്ങനെ ദഹനം മെച്ചപ്പെടുകയും, വയറുവേദന, ഗ്യാസ്, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കുറയുകയും ചെയ്യും.
രാവിലെ ക്ഷീണവും തളർച്ചയുമൊക്കെ അലട്ടാറുണ്ടോ? എങ്കിൽ നല്ല ഊര്‍ജ്ജം കിട്ടാന്‍ ഇത് സഹായിക്കും. കറുത്ത മുന്തിരിയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ, വിളർച്ച ഉള്ളവർക്കും, എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നവർക്കും ഇത് വളരെ നല്ലതാണ്. കുതിർത്ത മുന്തിരി കഴിക്കുമ്പോൾ പോഷകങ്ങൾ ശരീരം കൂടുതൽ വേഗത്തിൽ വലിച്ചെടുക്കും എന്നൊരു പ്രത്യേകതയുമുണ്ട്.
ചിയ സീഡ്‌സിൽ ഉയർന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കും. പ്രത്യേകിച്ച്, തിരക്കിട്ട ജീവിതം നയിക്കുന്ന സ്ത്രീകൾക്കും കൗമാരക്കാർക്കും ഈ കൂട്ട് ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സഹായിക്കും.
ഹോർമോൺ വ്യതിയാനങ്ങൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്, പ്രത്യേകിച്ചും സ്ത്രീകളിൽ. ഈ പാനീയം ഹോർമോൺ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. കറുത്ത മുന്തിരിയിൽ പ്രകൃതിദത്തമായ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.
ചിയ സീഡ്‌സിലാകട്ടെ, സിങ്കും സെലിനിയവും പോലുള്ള പ്രധാനപ്പെട്ട ധാതുക്കളുണ്ട്. ഹോർമോണുകളുടെ ശരിയായ പ്രവർത്തനത്തിനും ചർമ്മത്തിലെ കേടുപാടുകൾ പരിഹരിക്കുന്നതിനും ഇവ അത്യാവശ്യമാണ്. ഈ പാനീയം പതിവായി കുടിക്കുന്നത് മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാനും, പി.എം.എസ്(പ്രീ-മെൻസ്ട്രൽ സിൻഡ്രോം) ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും. ഇങ്ങനെ നല്ല ജലാംശവും പോഷകങ്ങളും ലഭിക്കുന്നതിലൂടെ ചർമ്മത്തിന് ഒരു പ്രത്യേക തിളക്കം കിട്ടും.
കുരു ഇല്ലാത്ത കറുത്ത മുന്തിരി, ഏകദേശം 10 എണ്ണം എടുത്ത് നന്നായി കഴുകി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ വെക്കുക. ഇതേ ഗ്ലാസ്സിൽ തന്നെ ഒരു ടീസ്പൂൺ ചിയ സീഡ്‌സും ചേർക്കുക. ഇത് രണ്ടും നന്നായി ഇളക്കി രാത്രി മുഴുവൻ കുതിരാൻ അനുവദിക്കുക. രാവിലെ ഈ വെള്ളം നേരിട്ട് കുടിക്കാവുന്നതാണ്.