മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂരില്‍ ആയുധധാരികള്‍ കാറിന് നേരെ നടത്തിയ ആക്രമണത്തില്‍ കുകി കമാന്‍ഡര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 60 വയസുള്ള സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. മോങ്ജങ് എന്ന ഗ്രാമത്തിലാണ് അപ്രതീക്ഷിതമായ വെടിവയ്പ്പുണ്ടായത്. ചുരാചന്ദ്പൂരിലേക്ക് കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ പോയിന്റെ ബ്ലാങ്ക് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവസ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷാ സംഘത്തേയും വിന്ന്യസിച്ചിട്ടുണ്ട്.
കുകി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശമാണിത്. ഇതുവരെ ഒരു ഗ്രൂപ്പുകളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മെയ്‌തേയ്-കുകി വിഭാഗങ്ങള്‍ തമ്മിലുള്ള 2023ലെ സംഘര്‍ഷത്തിന്റെ ഭീതി ഇപ്പോഴും പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ല. എങ്കിലും ഏറെക്കാലത്തിന് ശേഷമാണ് മണിപ്പൂരില്‍ ഇത്തരമൊരു ആക്രമണം നടക്കുന്നത്. സംഭവസ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ 12 ലധികം ഒഴിഞ്ഞ ഷെല്ലുകള്‍ കണ്ടെത്തി. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
STORY HIGHLIGHT : At least 4 killed after gunmen open fire in Manipur’s Churachandpur