ഡിജിപി നിയമനത്തെ ന്യായീകരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എംവി ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയെന്നും എം വി ജയരാജന്‍ പറഞ്ഞു. ആലപ്പുഴ വലിയകുളങ്ങരയില്‍ എം എ അലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പ് സംഭവത്തിന് മുന്‍പ് എം വി രാഘവനേ ബന്ധപ്പെടുകയോ കണ്ടതായോ പോലും പരാതിക്കാര്‍ വാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് എം വി രാഘവനുമായി മുന്‍പരിചയമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലെന്നും വ്യക്തമാക്കുന്നു.
അന്നത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആന്റണി, ഡിവൈഎസ്പി അബ്ദുള്‍ ഹക്കിം ബത്തേരി എന്നിവരാണ് പ്രകടനക്കാര്‍ക്ക് നേരെയുള്ള ലാത്തിച്ചാര്‍ജിനും വെടിവെപ്പിനും പിന്നിലെന്നാണ് തെളിവുകള്‍ കാണിക്കുന്നത്. എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് പാര്‍ട്ടിയല്ല ലാത്തി ചാര്‍ജിന് തുടക്കമിട്ടതെന്നും മറിച്ച് മന്ത്രിയുടെ എസ്‌കോര്‍ട്ടിലുള്ള ഡിവൈഎസ്പിയാണ് ലാത്തി ചാര്‍ജിന് തുടക്കമിട്ടത് എന്നാണ് തെളിവുകള്‍ കാണുന്നത്. അസന്നിഗ്ദമായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ റവാഡ ചന്ദ്രശേഖര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന് കൂത്തുപറമ്പ് വെടിവെപ്പില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോഴാണ് അതിശയം തോന്നുന്നത്. അത് സദുദ്ദ്യേശത്തിലല്ല – അദ്ദേഹം പറഞ്ഞു.
ഹക്കിം ബത്തേരിയുടെ ആദ്യത്തെ അടി കിട്ടുന്നത് തനിക്കാണെന്നും ബോധരഹിതനായി കൂത്തുപറമ്പില്‍ താന്‍ വീണുവെന്നും എം വി ജയരാജന്‍ പറഞ്ഞു. റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിച്ചതിനു പിന്നാലെ സിപിഐ എമ്മിലെ ഭിന്നത പുറത്ത് വന്നിരുന്നു. കൂത്തുപറമ്പ് വെടിവെയ്പില്‍ റവാഡ ചന്ദ്രശേഖറിന്റെ പങ്ക് ഓര്‍മിപ്പിച്ച് പി ജയരാജന്‍ രംഗത്തെത്തി. വെടിവെയ്പുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി റവാഡ ചന്ദ്രശേഖറെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.
STORY HIGHLIGHT : m-v-jayarajan-about-ravada-chandrasekhar