തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ തുറന്നുപറച്ചിലിൽ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിയ വിദഗ്ധസമിതി അംഗങ്ങള്‍ ഡോക്ടര്‍ ഹാരിസ് ഹസനില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി.
വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉപകരണങ്ങളുടെ അഭാവം ഡോക്ടേഴ്സ് ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയ ഉപകരണങ്ങളുടെ പർച്ചേസിങ്ങിലടക്കം വീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക കണ്ടെത്തൽ.
ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഈയാഴ്ച തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഡോക്ടേഴ്‌സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കെജിഎംസിടിഎ പ്രതിഷേധം സംഘടിപ്പിക്കും. രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിഷേധം മെഡിക്കല്‍ കോളേജിലേക്ക് ഉണ്ടാകും.
അതേസമയം, സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം ഇന്ന്. ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർവഹിക്കും.