കോട്ടയം: എം.സി റോഡിൽ കോട്ടയം കോടിമതയിൽ ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബൊലീറോ ജീപ്പിലെ യാത്രക്കാരായിരുന്ന കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവഗുരുതരമാണ്. പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മണിപ്പുഴ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലീറോ ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൊലീറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.